lp

തൃശൂർ: 22 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചതോടെ വിദ്യാലയമുറ്റങ്ങളിൽ വീണ്ടും കളിചിരികളുയർന്നു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾ സ്‌കൂൾ വീണ്ടും തുറന്നതിന്റെ ആഘോഷത്തിമിർപ്പിലാകുമ്പോൾ, പരീക്ഷാച്ചൂടിലാണ് എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾ.

പത്താം തരത്തിലെ കുട്ടികളുടെ പാഠഭാഗങ്ങളെല്ലാം ഭൂരിഭാഗവും പഠിപ്പിച്ചുകഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഓൺലൈൻ ക്ലാസും, ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ വെട്ടിക്കുറച്ചതും സമയ പരിമിതിയുമെല്ലാം കുഴക്കിയെന്ന് വിദ്യാർത്ഥികളും പറയുന്നു. പ്‌ളസ്ടു വിദ്യാർത്ഥികൾക്കും ആശങ്കകളുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ പ്ലസ് വൺ പരീക്ഷകളായിരുന്നതിനാൽ പ്ലസ് വൺ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയായിരുന്നു പഠിച്ചത്.

മാർച്ചിൽ പരീക്ഷകൾ ആരംഭിക്കുമ്പോൾ ഇനി ശേഷിക്കുന്നത് വളരെ കുറച്ച് സമയം മാത്രം. പ്രാക്ടിക്കൽ പരീക്ഷയുമുണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക്.

കൊവിഡും ക്ലാസും സമർപ്പിക്കേണ്ട റെക്കാഡുകളുമെല്ലാമായി വിദ്യാർത്ഥികൾ പരക്കം പാച്ചിലിലാണ്. പഠിപ്പിച്ച് തീർക്കേണ്ട പാഠഭാഗം ബാക്കിയുള്ളതിനാൽ അദ്ധ്യാപകരും നെട്ടോട്ടത്തിലാണ്. പരീക്ഷാഫലത്തെ കുറിച്ചോർക്കുമ്പോൾ മാതാപിതാക്കൾക്കും ടെൻഷൻ തന്നെ.


ഒന്നാം തരം മുതൽ ഒമ്പതാം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികൾ സ്‌കൂളുകളിൽ മൂന്നാഴ്ചക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് എത്തിച്ചേരുന്നത്. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വൈകിട്ട് വരെയാണ് ക്ലാസ്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസിലെ കുട്ടികൾക്കും വൈകിട്ട് വരെ ക്ലാസ് എന്നത് പരിഗണിക്കുന്നുണ്ട്.

കളിപ്പാട്ടവും മധുരവും നൽകി വരവേൽപ്പ്

ആദ്യമായി സ്‌കൂളിലെത്തുന്നതിന്റെ കൗതുകം മാറാതെയാണ് പ്രീപ്രൈമറി വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയത്. കരച്ചിലും സങ്കടവുമില്ലാതെ കളിചിരിയോടെയെത്തിയ കുട്ടികളെ അദ്ധ്യാപകർ കളിപ്പാട്ടവും മധുരവും നൽകി വരവേറ്റു. ആദ്യമായി സ്‌കൂളുകളിലെത്തിയത് പ്രതീക്ഷിച്ചതിലേറെ കുട്ടികളാണ്. കുഞ്ഞുങ്ങളെ ക്ലാസുകളിൽ വിടാൻ രക്ഷിതാക്കൾക്കും ആശങ്ക കുറഞ്ഞു. എല്ലാ ഉപജില്ലകളിലും പ്രവേശനോത്സവം നടന്നു. ജില്ലാതല പ്രീപ്രൈമറി പ്രവേശനോത്സവം തൃശൂർ സേക്രഡ് ഹാർട്ട് എൽ.പി സ്‌കൂളിൽ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികൾക്ക് എം.എൽ.എ തൊപ്പിയും കിരീടവും അണിയിച്ചു. എല്ലാ കുട്ടികൾക്കും വിസിലുകൾ, കാറ്റാടി തുടങ്ങിയ കളിപ്പാട്ടങ്ങളും കളർ പെൻസിലും നിറം കൊടുക്കാനുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. തൃശൂർ വെസ്റ്റ് ഉപജില്ലാതല ഉദ്ഘാടനം പോന്നോർ ജി.ഡബ്ലിയു.എൽ.പി.എസിൽ നടത്തി.

മിക്ക സ്‌കൂളിലും പാഠഭാഗങ്ങളുടെ റിവിഷൻ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ല.

ടി.വി.മദനമോഹനൻ
വിദ്യാഭ്യാസ ഉപഡയറക്ടർ

പ്ലസ് ടു പരീക്ഷ മാർച്ചിലാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഞെട്ടി. ഒക്ടോബറിൽ പ്ലസ് വൺ പരീക്ഷയായിരുന്നതിനാൽ കൂടുതൽ ഫോക്കസ് ചെയ്ത് പഠിച്ചത് പ്ലസ് വൺ പാഠഭാഗങ്ങളായിരുന്നു. ഇപ്പോൾ എല്ലാം എങ്ങനെ പഠിച്ചു തീർക്കുമെന്ന പേടിയുണ്ട്.

കെ.വി.ഇവാഞ്ചൽ
പ്ലസ് ടു വിദ്യാർത്ഥിനി.