news-photo

ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് ഇന്നലെ രാവിലെ ക്ഷേത്രത്തിൽ ''ആനയില്ലാ ശീവേലി'' നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നതിനായാണ് ഈ ചടങ്ങ് നടത്തുന്നത്. രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ചൈതന്യൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കൈയിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്.

നൂറ് കണക്കിന് ഭക്തർ നാരായണ നാമജപ മന്ത്രമുരുവിട്ട് അകമ്പടി സേവിച്ചു. കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്നും ആനകളെ കൊണ്ടുവന്നായിരുന്നു പഴയകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിച്ചിരുന്നത്. സാമൂതിരിയുടെ കൈവശമുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകളെ ഒരുവർഷം കൊച്ചിരാജാവ് അയച്ചില്ല. ക്ഷേത്രോത്സവത്തിന് ആനകൾ എത്താത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. ഇതിന്റെ ഓർമ്മ പുതുക്കാനാണ് ഇന്നും ഉത്സവം ആരംഭ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നത്.