
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ജേതാവ്. കൊമ്പൻ ദേവദാസ് രണ്ടാമനായി. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടച്ചടങ്ങ് പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി.
ക്ഷേത്രത്തിൽ നാഴികമണി മൂന്നടിച്ചതോടെ ക്ഷേത്ര കൊടിമരചുവട്ടിൽ അരിമാവുകൊണ്ട് അലങ്കരിച്ച് നാക്കിലയിട്ടതിനു മുകളിൽ വച്ചിരുന്ന കുടമണികൾ പാരമ്പര്യഅവകാശിയായ കണ്ടിയൂർപട്ടത്ത് നമ്പീശനെടുത്ത് മാതേമ്പാട്ട് നമ്പ്യാർക്ക് കൈമാറുകയും നമ്പ്യാർ മണികൾ പാപ്പാൻമാർക്ക് കൈമാറുകയും ചെയ്തു. കുടമണികൾ ഏറ്റുവാങ്ങിയ പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് ഓട്ടത്തിനായി കാത്തുനിൽക്കുന്ന ആനകളുടെ അടുത്തേക്ക് കുടമണികളുമായി ഓടി.
മഞ്ജുളാലിന് സമീപം കാത്തുനിന്ന ആനകളുടെ കഴുത്തിൽ പാപ്പാൻമാർ മണികൾ അണിയിച്ചു. ആനകളുടെ കഴുത്തിൽ കുടമണികളണിയിച്ചശേഷം ശശി മാരാർ ശംഖുനാദം മുഴക്കിയതോടെയാണ് ആനയോട്ട മത്സരം ആരംഭിച്ചത്. ഒന്നാമനായി ഓടിയെത്തി ഗോപുരകവാടം കടന്ന് ക്ഷേത്രമതിലകത്ത് പ്രവേശിച്ച രവികൃഷ്ണൻ ക്ഷേത്രം ഏഴുതവണ വലംവച്ച് ഗുരുവായൂരപ്പനെ വണങ്ങി. രവികൃഷ്ണന് ഇനി പത്ത് നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണം ലഭിക്കും.
ഒമ്പതാം ഉത്സവദിനമായ പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമേ രവികൃഷ്ണനെ ക്ഷേത്രത്തിന് പുറത്തിറക്കൂ. 44 വയസുകാരനായ കൊമ്പൻ രവികൃഷ്ണനെ 2003 ജൂൺ 25നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരൻ എന്ന ഭക്തനാണ് ആനയെ നടയ്ക്കിരുത്തിയത്. ടി. ശ്രീകുമാറാണ് ചട്ടക്കാരൻ. സി.പി. വിനോദ് കുമാർ, സി.വി. സുധീർ എന്നിവരാണ് സഹ ചട്ടക്കാർ.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ മൂന്ന് ആനകൾ മാത്രമായിട്ടായിരുന്നു ആനയോട്ടച്ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.