കയ്പമംഗലം: മതിലകം പഞ്ചായത്ത് എട്ടാം വാർഡിലെ പോളക്കുളം പുഞ്ചപ്പാടം തോട് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് തോടിന്റെ ആഴവും വീതിയും കൂട്ടി കയർ ഭൂവസ്ത്രം വിരിക്കുന്നത്.
ഈ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർവഹണച്ചുമതല മണ്ണ് സംരക്ഷണ വകുപ്പിനാണ്. രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ ബാബു, പഞ്ചായത്ത് അംഗം സുമതി സുന്ദരൻ, ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസർ പ്രിൻസ് ടി. കുര്യൻ, ഓവർസിയർ ജോസഫ് ഷൈൻ എന്നിവർ സംസാരിച്ചു.
വികസനത്തിന്റെ അടിസ്ഥാന യൂണിറ്റ് വാട്ടർ ഷെഡ് പദ്ധതികളാണ്. കാർഷിക മേഖലയ്ക്കെന്ന പോലെ തണ്ണീർത്തടത്തിനും പ്രാധാന്യം നൽകണം. ഈ ലക്ഷ്യം മുൻനിറുത്തി മതിലകം ബ്ലോക്കിലെ കയ്പമംഗലം മുതൽ എറിയാട് വരെയുള്ള ആറ് പഞ്ചായത്തുകളിലേക്കായി 36 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.
- കെ.എസ്. ജയ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ