കൊടുങ്ങല്ലൂർ: നിർദ്ദിഷ്ട ദേശീയപാത 66ലെ ഇടപ്പള്ളി - കുറ്റിപ്പുറം ആറുവരിപ്പാതയുടെ പ്ലാനിൽ എറിയാട് റോഡ് ആരംഭിക്കുന്ന ചന്തപ്പുര ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേയ്ക്ക് പ്രൊപ്പോസൽ ഇല്ലെങ്കിൽ പ്ലാനിൽ ഉൾപ്പെടുത്താൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് കൊടുങ്ങല്ലൂർ പൗരസമിതി യോഗം.

നിർമ്മാണം പൂർത്തീകരിച്ച് ഏഴുവർഷം പിന്നിട്ട ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. പുതിയ അലൈൻമെന്റ് പ്രകാരമുള്ള സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാൽ യുദ്ധകാല അടിസ്ഥാനത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥ തലത്തിലുള്ള ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടപ്പള്ളി - കുറ്റിപ്പുറം തീരദേശ റെയിൽപാതയ്ക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനും യോഗം നിശ്ചയിച്ചു. കോതപറമ്പ്‌ - വയലാർ, കാവിൽകടവ് - എൽതുരുത്ത് വഴി കോട്ടപുറത്തേക്ക് നിലവിലെ റോഡ് ഉപയോഗപ്പെടുത്തി സമാന്തര റോഡ് നിർമ്മിക്കുക, ശൃംഗപുരത്തെ മുസിരീസ് അറൈവൽ സെന്റർ ബസ് സ്റ്റാൻഡായി ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം അംഗീകരിച്ചു. ടി.എസ്. സുന്ദരേശന്റ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി സി.എസ്. തിലകൻ, എൻ.വി. ലക്ഷ്മണൻ, ടി.കെ. ഷൺമുഖൻ, എം.എൻ. രാജപ്പൻ, വി.കെ. വേണുഗോപാലൻ, കെ.പി. പ്രേംനാഥ് അഡ്വ. ഭാനുപ്രകാശ്, ടി.വി. മുരളീധരൻ എന്നിവർ സംസാരിച്ചു.