അമ്പലപുരം ദേശവിദ്യാലയം എൽ.പി. സ്‌കൂളിൽ പ്രീപ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം കവയിത്രിയും കഥാകാരിയുമായ ജയന്തി വില്ലടം ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: അക്ഷരപുണ്യം നുകരാൻ കുരുന്നുകൾ വീണ്ടും വിദ്യാലയമുറ്റങ്ങളിലെത്തി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്നപ്പോൾ വിപുലമായ ഒരുക്കങ്ങളുമായി അദ്ധ്യാപകരും കുട്ടികളെ വരവേറ്റു. അമ്പലപുരം ദേശവിദ്യാലയം എൽ.പി. സ്‌കൂളിൽ പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കായി ക്ലാസ് മുറികളിലും ചുവരുകളിലുമായി ഒരുക്കിയ ചോട്ടാഭീം, ഡിങ്കൻ, മിക്കി മൗസ്, ടോം ആൻഡ് ജെറി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെയും ജന്തുജാലങ്ങളുടെയും അക്ഷരവൃക്ഷത്തിന്റെയുമൊക്കെ ചിത്രങ്ങൾ കുരുന്നു മനസ്സുകളിലിടം പിടിച്ചു. ചിത്രകാരൻ ജോബി കോഴിക്കോടാണ് നൂറിലധികം ചിത്രങ്ങൾ വരച്ചു തീർത്തത്. വർണ ബലൂണുകളും തോരണങ്ങളും നിറഞ്ഞ സ്‌കൂളിൽ പുതുതായി ഒരുക്കിയ ആധുനിക സംവിധാനങ്ങളോടുകൂടിയ ശീതീകരിച്ച ഡിജിറ്റൽ തീയേറ്ററും കുട്ടികൾക്കായി തുറന്നു കൊടുത്തു. പ്രീപ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം കവയിത്രിയും കഥാകാരിയുമായ ജയന്തി വില്ലടം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ തീയേറ്ററിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ടി.എൻ. ലളിത ടീച്ചർ നിർവഹിച്ചു. കൊവിഡ്കാലത്ത് വീടുകളിലിരുന്ന് പഠിച്ച പാട്ടുകളും കവിതകളുമൊക്കെ കുട്ടികളും അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ സ്‌കൂളിലെ മുഴുവൻ കുട്ടികളുടെ അമ്മമാർക്കും സ്‌പോക്കൺ ഇംഗ്ലീഷ് പരിജ്ഞാനം നേടാൻ പരിശീലനം നൽകുന്ന പദ്ധതിക്കും തുടക്കമായി. ഉദ്ഘാടനച്ചടങ്ങിൽ മാനേജർ ടി.എൻ. ലളിത ടീച്ചർ അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപിക കെ.എൻ. സതീദേവി, വാർഡ് കൗൺസിലർ ഉഷ രവി, പി.ടി.എ പ്രസിഡന്റ് റിയാസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.