പുതുക്കാട്: പാലപ്പള്ളി വനമേഖലയിലെ വന്യജീവി ആക്രമണങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ വാഴച്ചാൽ ഐ.ബിയിൽ ചേർന്ന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു വർഷത്തിനിടെ ആറ് ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ നഷ്ടമായത്. വന്യജീവി ആക്രമണം തടയുന്നതിനായി ചാലക്കുടി ഫോറസ്റ്റ് ഡിവിഷനു കീഴിൽ ആർ.ആർ.ടി സംവിധാനം രൂപീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. യോഗത്തിൽ വനംവകുപ്പ് മന്ത്രി, ദേവസ്വംവകുപ്പ് മന്ത്രി എന്നിവരെക്കൂടാതെ ബെന്നി ബഹനാൻ എം.പി, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, റോജി.എം. ജോൺ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാർ, പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.