പാവറട്ടി: പ്രായത്തെയും അവശതയെയും അവഗണിച്ച് 75-ാം വയസിലും വെങ്കിടങ്ങ് പഞ്ചായത്ത് അഞ്ചാം വാർഡിലെ പന്നിശ്ശേരി കോളനി നിവാസി മാങ്ങാടി അപ്പുക്കുട്ടൻ തേനീച്ച വളർത്തൽ നടത്തിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ അമ്പത് വർഷമായി തേനീച്ച വളർത്തൽ തുടങ്ങിയിട്ട്. മാവുകൾ യഥാസമയം പൂക്കാത്തതിനാൽ തേനീച്ച വളർത്തൽ വ്യവസായം തകർന്നുകൊണ്ടിരിക്കുകയാണ്. ഇരുനൂറ് തേനീച്ച കൂടുകൾ ഉണ്ടായിരുന്ന അപ്പുക്കുട്ടന് ഇപ്പോൾ ഇരുപത് കൂടുകൾ മാത്രമാണുള്ളത്. അമ്പത് വർഷക്കാലം തേനീച്ചകളുടെ കുത്ത് കൊണ്ടതിനാൽ ശരീരത്തിൽ ആന്റീ ബോഡി ഉള്ളതിനാലാകാം ഇപ്പോൾ കുത്ത് കൊണ്ടാൽ വേദനിക്കാറില്ല. നീരും വരാറില്ല. പുതുതലമുറ ഈ തൊഴിലിലേക്ക് കടന്നു വരുന്നത് വിരളമാണ്. പതിനഞ്ചാം വയസിൽ അച്ഛനൊപ്പമാണ് തേനീച്ച വളർത്തുന്ന തൊഴിൽ തുടങ്ങിയത്. കേരളത്തിലെ അറിയപ്പെടുന്ന നിരവധി സ്ഥലങ്ങളിൽ തൊഴിൽ ചെയ്തിട്ടുണ്ട്.
തേനീച്ച വളർത്തൽ ലാഭകരമാണ്. എന്നാൽ കുത്ത് കൊള്ളാൻ തയ്യാറാകണം. ശരീരത്തിൽ കുത്ത് കൊണ്ടതിന്റെ പാടുകൾ ഇപ്പോഴും അവശേഷിക്കുന്നു. ഒരായസുമുഴുവൻ തൊഴിലെടുത്തുവെങ്കിലും സർക്കാരിൽ നിന്ന് നാളിതുവരെ ഒരു ധനസഹായവും ലഭിച്ചില്ല
-അപ്പുക്കുട്ടൻ