
ചാലക്കുടി: വന്യജീവികളും മലയോരങ്ങളിലെ ജനങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനത്ത് 15 ആർ.ആർ.ടി സംഘങ്ങളെ നിയോഗിക്കുമെന്നും അതിലൊന്ന് ചാലക്കുടിയിലാണെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവി ആക്രമണം രൂക്ഷമായ അതിരപ്പിള്ളി അടക്കമുള്ള വനമേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് വാഴച്ചാലിൽ നടന്ന ജനപ്രതിനിധി, ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൃഷിനാശമുണ്ടായ കർഷകർക്ക് സംസ്ഥാനത്ത് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകാനുണ്ടെന്നും അടുത്ത രണ്ട് മാസത്തിനകം അവ കൊടുത്തുതീർക്കുമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി മേഖലയിൽ 98 ലക്ഷം രൂപയാണ് നൽകാനുള്ളത്. കണ്ണൻകുഴിയിലെ ബാലികയുടെ കുടുംബത്തിന് ഇതിനകം 5 ലക്ഷം രൂപ നൽകിയിട്ടുണ്ട്. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കും. റാപ്പിഡ് റെസ്‌പോൺസ് ടീം, ജനകീയ പ്രതിരോധ സേന എന്നിവ രൂപീകരിക്കും. ആവശ്യമുള്ള സ്ഥലങ്ങളിൽ ആനമതിൽ നിർമ്മിക്കൽ, സോളാർ ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കൽ തുടങ്ങിയവയാണ് ദീർഘകാല പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഇക്കാര്യങ്ങളിലെ ശാസ്ത്രീയ പഠനത്തിനായി പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതാത് ഇടങ്ങളിലെ പ്രത്യേകതകൾ മനസിലാക്കിയാണ് പ്രതിരോധ സംവിധാനം ഏർപ്പെടുത്തേണ്ടതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർദ്ദേശിച്ചു. വാഴച്ചാൽ ഐബിയിൽ നടന്ന യോഗത്തിൽ ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹ്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, റോജി എം.ജോൺ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, മദ്ധ്യമേഖല സി.എസി.എഫ് കെ.ആർ.അനൂപ്, വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി എന്നിവർ സംസാരിച്ചു.