പുതുക്കാട്: തൃശൂർ ജില്ലയിലെ അളഗപ്പ ടെക്സ്റ്റയിൽസ്, കേരള ലക്ഷ്മി മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി ലോകസഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. നാഷണൽ ടെകസ്റ്റയിൽസ് കോർപറേഷന്റെതായി രാജ്യത്തൊട്ടാകെ 23 മില്ലുകളാണ് ഇപ്പോൾ ശേഷിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ലോക്ഡൗണിന്റെ സമയത്താണ് എല്ലാ മില്ലുകളും അടച്ചത്. ഇക്കാര്യത്തിൽ നേരത്തെ പാർലമെന്റിൽ ചോദ്യം ഉന്നയിച്ചപ്പോൾ പതിനഞ്ച് മില്ലുകൾ ഒഴികെയുള്ളവ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ നാലു മില്ലുകളിൽ കണ്ണൂരിലെ മില്ല് മാത്രമാണ് ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. രണ്ട് വർഷമായി ശമ്പളം ലഭിക്കാതെ താത്കാലിക തൊഴിലാളികൾ ഉൾപ്പടെയുളള ആയിരക്കണകിന് തൊഴിലാളികൾ ദുരിതത്തിലാണെന്നും ഇതിനാൽ മില്ലുകൾ ഉടനെ തുറക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.