
പെരിങ്ങോട്ടുകര: ശ്രീസോമശേഖര ക്ഷേത്രമഹോത്സവത്തിന് ബുധനാഴ്ച കൊടിയേറും. രാവിലെ മഹാഗണപതിഹോമം, പഞ്ചവിംശതി കലശാഭിഷേകം, കൊടിയേറ്റ് എന്നിവ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് കലാനിലയം രതീഷിന്റെ തായമ്പക ഉണ്ടാകും. ഫെബ്രുവരി 22ന് ചൊവ്വാഴ്ചയാണ് മഹോത്സവം ആഘോഷിക്കുക. അന്നേദിവസം രാവിലെ കലശാഭിഷേകം, ശാന്തിഹവനം, പന്തീരടി പൂജ, ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ചെറുശ്ശേരി കുട്ടൻമാരാരുടെ മേളം അകമ്പടിയാകും. 23ന് രാവിലെ കൂട്ടിയെഴുന്നള്ളിപ്പ്, ശേഷം ആറാട്ടോടെ ചടങ്ങുകൾക്ക് സമാപനമാകും.