
തൃശൂർ: പകൽനേരത്തും രാത്രി താപനിലയിലും ഉയർന്ന ചൂട് രേഖപ്പെടുത്താൻ തുടങ്ങിയതോടെ സൂര്യാഘാതത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മാർച്ചിൽ ഉണ്ടാകാറുള്ള ചൂടാണ് ഫെബ്രുവരി പാതി പിന്നിടുമ്പോൾ അനുഭവപ്പെടുന്നത്. ചൂടു കൂടുന്നതോടെ രാത്രികാല തണുപ്പ് പൊടുന്നനെ കുറഞ്ഞു. കഴിഞ്ഞമാസം 20 ഡിഗ്രി സെൽഷ്യസിലെത്തിയ രാത്രി താപനില ഇന്നലെ 24.1ൽ ആയി.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും ചൂടുകാറ്റും കാരണം ക്ഷീണവും കൂടുന്നുണ്ട്. സൂര്യാഘാതത്തിൽ ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്തവേഗത്തിലുള്ള നാഡീ മിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം (ഹീറ്റ് എക്‌സോഷൻ). ചൂടിൽ ശരീരത്തിലെ ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്നതാണിത് . വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്ത സമ്മർദ്ദം മുതലായ മറ്റുരോഗങ്ങൾ ഉള്ളവരിലുമാണ് ഇത് കാണുന്നത്.
ഇന്നലത്തെ താപനില
കൊച്ചി: 34.2 ഡിഗ്രി സെൽഷ്യസ്
വെള്ളാനിക്കര: 34.1
രാത്രികാലങ്ങളിലെ ചൂടും പകൽനേരത്തേത് പോലെ ഉയരുന്നുണ്ട്. അടുത്തമാസം താപനില 37 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് കരുതുന്നത്.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ
ഉടൻ ചെയ്യേണ്ടത്
വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, വിശ്രമിക്കുക
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാൻ, എ.സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക
ധാരാളം വെള്ളം കുടിക്കുക
കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
കഴിയുന്നതും വേഗം വൈദ്യസഹായം തേടുക
പ്രതിരോധിക്കാൻ
ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും വെള്ളം കുടിക്കുക.
വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക.
ജോലി സമയം ക്രമീകരിക്കുക. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമിക്കുക. രാവിലെയും വൈകിട്ടും ജോലി ചെയ്യുക
പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്
പേശീ വലിവ്
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം വിയർത്ത് ജലവും, ലവണങ്ങളും നഷ്ടപ്പെടുന്നത് മൂലം പേശീ വലിവ് അഥവാ ഹീറ്റ് ക്രാംപ്‌സ് ഉണ്ടാകാം. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളം കുടിക്കുക
ഹീറ്റ് റാഷ്
ചൂടുകാലത്ത് പ്രത്യേകിച്ച് കുട്ടികളിൽ വിയർപ്പ് മൂലം ശരീരം ചൊറിഞ്ഞു തിണർക്കും. ഇതാണ് ഹീറ്റ് റാഷ് . കഴുത്തിലും നെഞ്ചിന് മുകളിലും ആണ് കൂടുതൽ കാണുന്നത്. കാലിന്റെ ഒടിയിലും കക്ഷത്തിലുമുണ്ടാകാം. തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ എപ്പോഴും ഉണങ്ങിയ അവസ്ഥയിൽ ആയിരിക്കണം.
അന്തരീക്ഷ താപം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടും.
ഡോ.എൻ.കെ.കുട്ടപ്പൻ,
ജില്ലാ മെഡിക്കൽ ഓഫീസ്.