jala

ചേർപ്പ്: വേനലായതോടെ കനത്ത കുടിവെള്ളക്ഷാമം നേരിടുകയാണ് ചേർപ്പ് പഞ്ചായത്ത് നിവാസികൾ. മുഴുവൻ വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. 19, 20 വാർഡുകൾ ഉൾപ്പെടുന്ന ആശാരിക്കുന്നിലാണ് കടുത്ത ജലക്ഷാമം. ഇതോടെ വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടുന്ന പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണ്.

കഴിഞ്ഞ മാസം മുതൽക്കാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്. ജല അതോറിറ്റി അധികൃരോട് നിരവധിതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിയെന്ന് നാട്ടുകാർ പറയുന്നു. അറുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പൊതുടാപ്പുകളിൽ ഉൾപ്പെടെ കുടിവെള്ളം എത്തിയിട്ട് ഒരാഴ്ചയിലേറെയായി.

ആശാരിക്കുന്ന് പ്രദേശം ഉയർന്നതായതിനാൽ അവിടേക്ക് പൈപ്പിലൂടെ വെള്ളം എത്തിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ഭവന കണക്‌ഷൻ എടുത്ത ഗുണഭോക്താക്കളും കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലാണ്.

ഒരാഴ്ചയ്ക്കകം കുടിവെള്ളം ലഭിച്ചില്ലെങ്കിൽ ജല അതോറിറ്റിക്ക് മുന്നിൽ ജനകീയ സമര പരിപാടികൾ ആരംഭിക്കുന്നതിനാണ് നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും ഒരുങ്ങുന്നത്.

പൊതുകിണറുണ്ട്, പക്ഷെ...

ആശാരിക്കുന്നിൽ പഞ്ചായത്തിന്റെ പൊതുകിണറുണ്ടെങ്കിലും ഉപയോഗശൂന്യമാണ്. ഇടയ്ക്ക് കിണർ വൃത്തിയാക്കിയെങ്കിലും പിന്നീട് വീണ്ടും കാടുപിടിച്ച നിലയിലാണ്. വേനൽ കടുത്തതോടെ വീണ്ടും കിണർ വരണ്ടു.

കുടിവെള്ളക്ഷാമമുള്ളത്

വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായാലും കളക്ടറുടെ ഉത്തരവ് ഉണ്ടായാൽ മാത്രമേ പഞ്ചായത്തിന് ബദൽ സംവിധാനം ഒരുക്കാനാകൂ.

- സുജിഷ കള്ളിയത്ത്, പഞ്ചായത്ത് പ്രസിഡന്റ്, ചേർപ്പ്

ആശാരിക്കുന്നും സമീപപ്രദേശവും ഉയരം കൂടുതലായതിനാൽ പൊതുപൈപ്പിലൂടെ വെള്ളം എത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പരിഹരിക്കാൻ ശ്രമിക്കും.

- ലിറ്റി, എസി. എൻജിനിയർ, ജല അതോറിറ്റി

കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം

ചേർപ്പ്: പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ജല അതോറിറ്റി ആഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിലെ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്ന അവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടാകത്തതിനെ തുടർന്നാണ് സമരം നടത്തിയത്. വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിദ്യ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത അനിലൻ, അംഗങ്ങളായ ഇ.വി. ഉണ്ണിക്കൃഷ്ണൻ, വനജ സോളമൻ, ശ്രുതി വിജിൽ, ശ്രുതി ശ്രീശങ്കർ, കെ.ബി. പ്രജിത്ത്, കെ. കൃഷ്ണകുമാർ, സുനിത ജിനു, നസീജ മുത്തലീഫ്, ധന്യ സുനിൽ, സിനി പ്രദീപ്, പ്രിയലത പ്രസാദ് എന്നിവർ പങ്കെടുത്തു.