medical

തൃശൂർ : കൊവിഡ് റിപ്പോർട്ട് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോൾ, കൊവിഡ് ബാധിതരായ 1,106ൽ യുവതികൾക്ക് സുരക്ഷിത പ്രസവസൗകര്യമൊരുക്കി തൃശൂർ ഗവ.മെഡിക്കൽ കോളേജ്. സ്വകാര്യആശുപത്രികളിലും മറ്റും കൊവിഡ് ബാധിച്ച ഗർഭിണികളെ പ്രവേശിപ്പിക്കാതിരുന്നപ്പോൾ വരുന്നവർക്കെല്ലാം ആവശ്യമായ എല്ലാ ചികിത്സ സൗകര്യവും മെഡിക്കൽ കോളേജിൽ ഒരുക്കി. കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ച് രണ്ട് ഓപറേഷൻ തിയേറ്ററുകളും സജ്ജമാക്കി. ഗൈനക്കോളജി വിഭാഗം വകുപ്പ് മേധാവി ഡോ: രാധ കെ.ആർ , യൂണിറ്റ് മേധാവികളായ ഡോ.രാജേശ്വരി പിള്ള, ഡോ.റീന എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യമൊരുക്കിയത്.
മണിക്കൂറുകളോളം പി.പി.ഇ കിറ്റ് ധരിച്ച് ചികിത്സയൊരുക്കാൻ ഇവർക്ക് പുറമേ ഗൈനക്കോളജി വകുപ്പിലെ മറ്റ് ഡോക്ടർമാർ, റെസിഡന്റ് ഡോക്ടർമാർ, നഴ്‌സുമാർ, നഴ്‌സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 ക്ലീനിംഗ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരും ഭാഗമായി. ശസ്ത്രക്രിയയ്ക്കായി വന്നവർക്ക് കൊവിഡ് ഓപറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സൗകര്യം ദ്രുതഗതിയിൽ ആദ്യതരംഗത്തിൽ തന്നെ ഒരുക്കിയിരുന്നു. അനസ്‌തേഷ്യ വിഭാഗത്തിന്റെയും, ശിശുരോഗ വിഭാഗത്തിന്റെയും കൂടി സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ഇതെല്ലാം സാദ്ധ്യമായത്. ജില്ലയിലെയും, സമീപ ജില്ലകളിലെയും രോഗികളിൽ ബഹുഭൂരിപക്ഷവും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിനെയാണ്. 3000ൽ അധികം ഗർഭിണികൾക്ക് വേണ്ട ചികിത്സയും ഈ കാലയളവിൽ ഒരുക്കാനായി.

564 പേർക്ക് സുഖപ്രസവം

രണ്ട് വർഷത്തിനിടെ 564 പേർക്ക് സുഖപ്രസവം നടത്തിയപ്പോൾ, 542 പേർക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. 2020 ൽ 291 പേർ പ്രസവിച്ചതിൽ 163 പേർക്കും ശസ്ത്രക്രിയ വേണ്ടി വന്നു. എന്നാൽ കഴിഞ്ഞ വർഷം, 736 പേരിൽ 343 പേർക്കാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ഈ വർഷം ഇതുവരെ നടന്ന 79 പ്രസവങ്ങളിൽ 36 പേർക്കാണ് ശസ്ത്രക്രിയ നടത്തിയത്.


കൊവിഡ് ബാധിരുടെ പ്രസവം ഇങ്ങനെ

2020 291
സുഖപ്രസവം 128
ശസ്ത്രക്രിയ 163

2021 736
സുഖപ്രസവം 393
ശസ്ത്രക്രിയ 343

2022 79
സുഖ പ്രസവം 43
ശസ്ത്രക്രിയ 36

കൊവിഡ് അതിരൂക്ഷമായ സമയത്ത് ദിവസവും നിരവധി ഗർഭിണികളാണ് ചികിത്സ തേടിയെത്തിയത്. ചിലദിവസങ്ങൾ രണ്ടും മൂന്നും ശസ്ത്രക്രിയകളടക്കം ഏഴ് പ്രസവം വരെ നടന്ന ദിവസങ്ങളുണ്ട്.

ഡോ.ബിജു കൃഷ്ണൻ
സൂപ്രണ്ട് മെഡിക്കൽ കോളേജ്‌