
തൃശൂർ : ഐ.എൻ.എൽ സംസ്ഥാന നേതൃത്വത്തെയും കൗൺസിലിനെയും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് തൃശൂർ ജില്ലാകമ്മിറ്റി. ഐ.എൻ.എൽ ദേശീയ നേതൃത്വം സ്വീകരിച്ച് നടപടികൾ അംഗീകരിക്കില്ല. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുൾ വഹാബ് നേതൃത്വം നൽകുന്ന സംസ്ഥാന കമ്മിറ്റിക്കാണ് പിന്തുണയെന്നും ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാലക്കുടി പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിന്ന് കൊടുക്കരുത്. ഇരുവിഭാഗങ്ങളും മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്നെടുത്ത സമവായ തീരുമാനം നടപ്പിലാക്കാൻ തയ്യാറാവാതെ ഒരു വിഭാഗം ബോധപൂർവം മാറി നിൽക്കുകയാണെന്നും ജില്ലാകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അൻവർ ചാപ്പാറ, സാബു സുൽത്താൻ എന്നിവർ പങ്കെടുത്തു.