majo

മെജോ തന്റെ ജൈവക്കൃഷിയിടത്തിനു മുന്നിൽ.

പുതുക്കാട്: വിഷരഹിതമായ ഭക്ഷണം ശീലമാകുന്നതോടെ രോഗ വിമുക്തരാകാൻ മനുഷ്യർക്കാകുമെന്ന തിരിച്ചറിവാണ് സ്വന്തമായി ജൈവരീതിയിൽ കൃഷി ഇറക്കണം എന്ന അവബോധം മെജോ (43) യ്ക്ക് ഉണ്ടാക്കിയത്. പാരമ്പര്യമായുണ്ടായിരുന്ന നെൽവയലുകൾ ചെറുപ്പത്തിൽ നഷ്ടപ്പെട്ട മനോവേദന ഉള്ളിലൊതുക്കി കഴിയുന്നതിനിടെയാണ് മണ്ണും മണലും ഖനനം നടത്തി ഉപയോഗശൂന്യമായിരുന്ന സ്ഥലം വീടിനടുത്ത് പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെടുംമ്പാൾ ധനുകുളം പാടശേഖരത്ത് വിൽക്കാനുണ്ടെന്നറിഞ്ഞത്. ലോണെടുത്തും ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയും ആ സ്ഥലം വാങ്ങി. ഭൂമി നെൽക്കൃഷിക്ക് അനുയോജ്യമാക്കാൻ എറെ അദ്ധ്വാനം വേണ്ടി വന്നു. കൃഷി തുടങ്ങിയപ്പോൾ തന്നെ തീർത്തും ജൈവരീതിയിലാണ് ചെയ്യുകയെന്ന് മനസിൽ നിശ്ചയിച്ചു. 12 വർഷം സിവിൽ പോലിസ് ഓഫീസറായിരുന്ന മെജോയ്ക്ക് ഇതിനിടെ കോഴിക്കോട് സർവകലാശാലയിൽ അസിസ്റ്റന്റായി നിയമനം ലഭിച്ചു. പോലിസ് ഉദ്യോഗം വേണ്ടന്നുവച്ച് യൂണിവേഴ്‌സിറ്റി ജീവനക്കാരനായ മെജോവിന് അധികം വൈകാതെ കാർഷിക സർവകലാശാലയിലേയ്ക്ക് സ്ഥലംമാറ്റമായി, ഇതൊരനുഗ്രഹമായി. രാവിലെയും വൈകീട്ടും മുടക്കു ദിവസവും കൃഷിയിടത്തിൽ. കിലോവിന് 28 രൂപ നിരക്കിൽ സിവിൽ സപ്ലൈസ് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ മെജോ തന്റെ നെല്ല് വിൽക്കാൻ തയ്യാറല്ല. ഉണക്കി സൂക്ഷിക്കുന്ന നെല്ല് പാലക്കാട് കണ്ണാടിയിൽ കൊണ്ടുപോയി അരിയാക്കി തിരിച്ച് കൊണ്ടുവരും. തവിട് അധികം കളയാത്ത രീതിയിലാണ് നെല്ല് കുത്തൽ. മാർക്കറ്റിൽ 35 രൂപക്ക് അരി ലഭിക്കുബോൾ മെജോ ആവശ്യക്കാർക്ക് നൽകുന്നത് 70 രൂപയ്ക്കാണ്. പിതാവ് ജോർജും അമ്മ മേരിയും മെജോയ്ക്ക് പൂർണ പിന്തുണയുമായി കൂടെ ഉണ്ട്. ഭാര്യ: ജോസീന. മക്കൾ: ആൻറിയ, സാൻജോൺ, ജോൺ വി.ആർ. കാർഷിക സർവകലാശാല അദ്ധ്യാപകരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രോത്സാഹനവും വിലമതിക്കാനാകാത്തതാണ്.

ജൈവരീതിയിൽ ഉത്പ്പാദിപ്പിക്കുന്ന അരിക്ക് ആവശ്യക്കാർ എറെയാണ്. രാസവളവും രാസകീടനാശിനിയും നൽകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ജൈവകൃഷിയിൽ വിളവ് കുറവാണെങ്കിലും വിഷരഹിതമായ ഭക്ഷണം കഴിക്കാമെന്ന സംതൃപ്തിയുടെ വില എറെ കൂടുതലാണ്.
-മെജോ