പാലയ്ക്കൽ റൂട്ടിൽ ഗതാഗതം ഒറ്റവരിയിൽ

ചേർപ്പ്: ജർമൻ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പെരുമ്പിള്ളിശേരി - പാലയ്ക്കൽ റോഡിന്റെ കോൺക്രീറ്റിംഗ് ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി പാലയ്ക്കൽ റൂട്ടിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തും. മാർച്ച് 15 മുതൽ റോഡ് പൂർണമായും അടച്ചിട്ടു പണികൾ നടത്തും.

റോഡ് നിർമ്മാണം ആരംഭിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന യാത്രാക്ലേശം ചർച്ച ചെയ്യാൻ വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ടെലിഫോൺ, പഞ്ചായത്ത് അധികൃതർ, രാഷ്ട്രീയ കക്ഷികൾ, കച്ചവട സ്ഥാപനങ്ങൾ, സ്വകാര്യ ബസുകൾ, ഓട്ടോ ടെമ്പോ തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ സംയുക്തയോഗം നാളെ ചേർപ്പ് പഞ്ചായത്ത് ഭോജനശാലയിൽ നടക്കും.

കഴിഞ്ഞ ദിവസം നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന പ്രാഥമിക യോഗത്തിൽ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് അദ്ധ്യക്ഷയായി. നിർമ്മാണ കമ്പനിയായ ഗവാർ അറ്റ് കോൺ റസിഡന്റ് എൻജിനിയർ ഒ.ബി. മധു, സോഷ്യോളജിസ്റ്റ് ലക്ഷ്മി, എൻവയൺമെന്റലിസ്റ്റ് ബ്ലസി, വാർഡ് അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പെരുമ്പിള്ളിശേരി - പാലയ്ക്കൽ റോഡ് കോൺക്രീറ്റിംഗിന് ശേഷം ജൂൺ ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി. മൂന്ന് കിലോമീറ്റർ റോഡ് 45 സെന്റിമീറ്റർ കനത്തിലും എട്ട് മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്. 203.5 കോടി ചെലവിട്ട് നിർമ്മിക്കുന്ന 35.5 കിലോമീറ്റർ വരുന്ന കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി റോഡിന്റെ ആദ്യഘട്ട നിർമ്മാണമാണ് ഇന്ന് ആരംഭിക്കുന്നത്.