
തൃശൂർ : കേരളത്തിലെ വിവിധ ജയിലുകളിൽ നിന്ന് ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചു. പ്രതീക്ഷ അതിജീവനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിലാണ് കൂട്ടായ്മ പ്രവർത്തിക്കുക. ശിക്ഷാകാലം പൂർത്തിയാക്കി പുറത്തുവരുന്നവർ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുന്ന അവസ്ഥ ഇല്ലാതാക്കി അവരെ പുനരധിവസിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതോടൊപ്പം നിലവിലെ തടവുകാരുടെ ആശ്രിതരുടെ ഉന്നമനത്തിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും സൊസൈറ്റി നേതൃത്വം നൽകും.
ജയിലിലെ അന്തേവാസികൾക്ക് നിയമ സഹായം നൽകാൻ സൊസൈറ്റിയുടെ സേവനം ലഭ്യമാണ്. ജയിൽ മോചിതരാകുന്നവർക്കായി തൊഴിലവസരം ഒരുക്കാനും പുതിയ സംരംഭം തുടങ്ങുന്നതിനാവശ്യമായിട്ടുള്ള സഹായം ചെയ്തു കൊടുക്കാനും സൊസൈറ്റിയ്ക്ക് കീഴിൽ പദ്ധതികളുണ്ടാകും. സൊസൈറ്റിയുടെ പ്രസിഡന്റായി അഡ്വ:ഹരിശങ്കർ (തിരുവനന്തപുരം), സെക്രട്ടറിയായി സനീഷ് (തൃശൂർ), ട്രഷറർ റഫീഖ് (തൃശൂർ ), വൈസ് പ്രസിഡന്റ് ഹബീബ് (തൃശൂർ ), ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് (തിരുവനന്തപുരം), ബിജു (തിരുവനന്തപുരം), അഡ്വ. അബ്ദുൽ സിജി (തിരുവനന്തപുരം) എന്നിവരടങ്ങുന്ന ഏഴംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
926 പേർക്ക് കൂടി കൊവിഡ്
തൃശൂർ : 926 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 399 പേരും വീട്ടു നിരീക്ഷണത്തിലുള്ള 9,300 പേരും ചേർന്ന് 10,625 പേരാണ് ആകെ രോഗബാധിതരായത്. 2,280 പേർ ഇന്നലെ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,60,909 ആണ്. 6,45,770 പേരാണ് ആകെ രോഗമുക്തരായത്.
ബൂത്ത് സമ്മേളനവുമായി ബി.ജെ.പി
തൃശൂർ: പാർട്ടി പുന:സംഘടനയ്ക്ക് ശേഷം ബൂത്ത് സമ്മേളനം നടത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ബി.ജെ.പി. പുന:സംഘടനയോടെ ജില്ലയിലെ 2,323 ബൂത്തുകളിൽ 2,300 ഓളം ബൂത്തുകളിൽ പാർട്ടിക്ക് വ്യവസ്ഥാപിതമായ കമ്മിറ്റിയുണ്ടാക്കാൻ കഴിഞ്ഞുവെന്നും ഇത് വലിയ നേട്ടമാണെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ പറഞ്ഞു. കമ്മിറ്റിയുണ്ടാക്കിയ മുഴുവൻ ബൂത്തിലും സമ്മേളനം നടത്താനാണ് തീരുമാനം.
ജനസംഘം സ്ഥാപകനേതാവായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ബലിദാനദിനമായ 11 മുതൽ 20 വരെയാണ് സമ്മേളനം. ബൂത്ത് സമ്മേളനത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടേയും അഡ്വ. രഞ്ജിത് ശ്രീനിവാസന്റെയും അനുസ്മരണവും സമർപ്പണ നിധി ശേഖരണവുമാണ് പ്രധാന കാര്യപരിപാടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി, സംസ്ഥാന ഭാരവാഹികൾ, സുരേഷ് ഗോപി എം.പി തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കും. ജില്ലാ, മേഖലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾക്കെല്ലാം പ്രത്യേകം പ്രത്യേകം ചുമതല വിഭജിച്ച് നൽകി അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സമ്മേളനം പുരോഗമിക്കുന്നതെന്ന് ബി.ജെ.പി അറിയിച്ചു.