ചാലക്കുടി: വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ പശ്ചിമഘട്ട മേഖലയുടെ അതിർത്തിയിൽക്കൂടിയുള്ള സേളാർ കമ്പിവേലി നിർമ്മാണം പൂർണമാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതിരപ്പിള്ളിയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന ആക്രമണങ്ങളിൽ കനത്ത നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പിവേലി പൂർണമാകാതിരിക്കുന്ന ചില പ്രദേശങ്ങളിൽ നാട്ടുകാർ തന്നെ പിരിവെടുത്ത് ഇവയുണ്ടാക്കുന്ന ശ്രമം തുടങ്ങിയിരിക്കുകയാണ്. അവർക്കു സോളാർ യൂണിറ്റ് നൽകുന്നതുൾപ്പടെയുള്ള സഹായങ്ങൾ സർക്കാർ ചെയ്തു കൊടുക്കണം. വന്യജീവി ആക്രമണം തടയുന്നതിന് അടിയന്തരമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട്് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകും-പി.സി. തോമസ് അറിയിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗോപുരൻ, നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി, കോ-ഓർഡിനേറ്റർ വിത്സൺ മുണ്ടൻ മാണി, ചാലക്കുടി മണ്ഡലം പ്രസിഡന്റ് കെ.ആർ. കിരൺ എന്നിവരും പി.സി. തോമസിനൊപ്പം ഉണ്ടായിരുന്നു.