1
മച്ചാട് മാമാങ്കവും ഉത്രാളിക്കാവ് പൂരവും സംബന്ധിച്ച് ആലോചിക്കാൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം.

വടക്കാഞ്ചേരി: മച്ചാട് മാമാങ്കവും ഉത്രാളിക്കാവ് പൂരവും ആചാരാനുഷ്ഠാനങ്ങളോടെ നടത്താൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. 18 ന് നടക്കുന്ന മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പറപ്പുറപ്പാടും 22ന് നടക്കുന്ന മച്ചാട് മാമാങ്കവും ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താം. പറപ്പുറപ്പാടിന്റെ ചടങ്ങുകൾ മുൻകാലങ്ങളിലെപോലെ നടത്താം. ഓരോ വീട്ടുമുറ്റത്തെയും പറ സ്വീകരിക്കാം. വീടുകളുടെ അകത്തേയ്ക്ക് ഭഗവതിയുടെ പ്രതിപുരുഷനായുള്ള ഇളയതും എടുപ്പൻമാരും പ്രവേശിക്കാൻ പാടുള്ളതല്ല. 22 ന് നടക്കുന്ന മച്ചാട് മാമാങ്ക ദിവസം കുതിരകളെ നേരത്തെ നടന്നിരുന്നപോലെ കൊണ്ടു വരാവുന്നതാണ്. പഞ്ചവാദ്യ കലാകാരന്മാർക്ക് മാസ്‌ക് ധരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർ നിൽക്കുന്ന സ്ഥലങ്ങൾ കയർ കെട്ടി തിരിക്കണം. ഉച്ചഭാഷിണിയിലൂടെ ബോധവത്കരണം നടത്തണം. മാർച്ച് ഒന്നിന് നടക്കുന്ന ഉത്രാളിക്കാവ് പൂരവും ഈ മാസം 22 ന് നടക്കുന്ന പറപ്പുറപ്പാടും മുൻവർഷങ്ങളിലെ പോലെ തന്നെ നടത്താം. ആനയെഴുന്നെള്ളിപ്പും പഞ്ചവാദ്യവും വടക്കാഞ്ചേരി വിഭാഗത്തിന്റെ ശിവക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പും ആചാരപ്രകാരം നടത്താം. കുമരനെല്ലൂർ, എങ്കക്കാട് ദേശങ്ങൾക്ക് ഉത്രാളിക്കാവിൽ പഴയപോലെ എഴുന്നള്ളിക്കാം. കൂട്ടി എഴുന്നള്ളിപ്പും പഞ്ചവാദ്യവും കുടമാറ്റവും നേരത്തെ നിശ്ചയിച്ചപോലെ നടത്താവുന്നതാണ്. യോഗത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.