തൃശൂർ: ജനറൽ ആശുപത്രിയിൽ പാർക്കിംഗിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ പരാതി വ്യാപകമായതോടെ മേയർ നേരിട്ടെത്തി പാർക്കിംഗ് ഫീസ് പിരിവ് താത്കാലികമായി നിർത്തിവയ്പ്പിച്ചു. നിരവധി ആളുകളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് മേയർ എം.കെ. വർഗീസ് ജനറൽ ആശുപത്രിയിൽ എത്തിയത്. വികസനത്തിനായുള്ള ഹെൽത്ത് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായാണ് വാഹന പാർക്കിംഗ് ഫീസ് പിരിവ്, കാന്റീൻ എന്നിവ മത്സരാടിസ്ഥാനത്തിൽ നിയമാനുസൃതം ടെണ്ടർ വിളിച്ച് കരാർ നൽകിയത്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്ക് അടിസ്ഥാനപ്പെടുത്തി പാർക്കിംഗ് ഫീസ് പിരിക്കുന്നതിനാണ് കരാർ നൽകിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ജനറൽ ആശുപത്രി ലേ സെക്രട്ടറി ജ്യോതിഷ്, ആർ.എം.ഒ. ഡോ. അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം അന്യായമായ പാർക്കിംഗ് ഫീസ് സംബന്ധിച്ച് നേരത്തെ വിവരം നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്നതാണ് കൊള്ളയ്ക്ക് കാരണമായതെന്ന് നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ കുറ്റപ്പെടുത്തി.