paramekkavu

തൃശൂർ : സുപ്രീംകോടതി വിധി ലംഘിച്ചെന്ന പരാതിയിന്മേൽ പാറമേക്കാവ് ക്ഷേത്രത്തിൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ച ആദ്യ ഉത്സവ എഴുന്നള്ളിപ്പിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നിന്നും വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിൽ ഏഴ് ആനകളെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി നൽകിയ നാട്ടാന നിരീക്ഷണ സമിതി യോഗ അനുമതിയും പിൻവലിച്ചു.

പുതിയ ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിന് അനുമതി നൽകരുതെന്ന സുപ്രീം കോടതി ഉത്തരവ് കളക്ടർ പാറമേക്കാവ് എഴുന്നള്ളിപ്പിൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് ജനറൽ സെക്രട്ടറി വി.കെ വെങ്കിടാചലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിഷയം പരിശോധിക്കാൻ അടിയന്തര യോഗം ചേർന്നത്. നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഉത്സവ എഴുന്നള്ളിപ്പിന് അനുമതി നൽകാനാവില്ലെന്ന് യോഗം വിലയിരുത്തി.

ഞായറാഴ്ച ചേർന്ന നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് ഏഴ് ആനകൾക്ക് അനുമതി നൽകിയത്. ഒൻപത് ആനകളെ എഴുന്നള്ളിക്കാനാണ് അനുമതി തേടിയിരുന്നത്. ആറാട്ടുപുഴ പൂരത്തിന്റേത് പിന്നീട് ആലോചിക്കാമെന്നും തീരുമാനിച്ചിരുന്നു. പുതിയ ഉത്സവ എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകരുതെന്ന് 2015ൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതാണ് പരാതിക്കിടയാക്കിയത്. പാറമേക്കാവിൽ ആദ്യമായിട്ടാണ് ഉത്സവവും അതോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പും. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും പരാതിക്കൊപ്പം നൽകിയിരുന്നു. പൊലീസ് മേധാവിക്കും വനം വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഈ മാസം 16നാണ് പാറമേക്കാവിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ട. 17നാണ് ആറാട്ട്.

തീരുമാനം പുന:പരിശോധിക്കണമെന്ന്

ഉത്സവങ്ങളിലെ വിലക്ക് ആചാരാനുഷ്ഠാനങ്ങളിലുള്ള കടന്നുകയറ്റമാണെന്നും അനുമതി നിഷേധിച്ചാൽ എല്ലാ ഉത്സവങ്ങളിൽ നിന്നും ആനകളെ പിൻവലിക്കുമെന്നും ആന ഉടമസംഘം പറഞ്ഞു. പാറമേക്കാവ് ഉത്സവ ആറാട്ടിന് ആനകളെ അനുവദിക്കില്ല എന്ന നിലപാട് പുന:പരിശോധിക്കണമെന്ന് പൂരപ്രേമി സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി നന്ദൻ വാകയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ, കൺവീനർ വിനോദ് കണ്ടെംകാവിൽ, ട്രഷറർ അരുൺ, സജേഷ് കുന്നമ്പത്ത്, മുരാരി അറക്കൽ എന്നിവർ പ്രസംഗിച്ചു.