 
ചാലക്കുടി: കണ്ണൻകുളത്തിലേക്ക് ഇനിയും വെള്ളമെത്തിയില്ല. എന്നാൽ വേനലിൽ കനാൽ കരകവിയുന്ന വിചിത്രമായ കാഴ്ചയ്ക്ക് വീണ്ടും കൂടപ്പുഴ സാക്ഷ്യം വഹിക്കുകയാണ്. ഇറിഗേഷൻ ക്വാർട്ടേഴ്‌സ് പരിസരത്തെ ഭീമൻ കുളം നിറയ്ക്കുന്നതിന് ഇക്കുറിയും കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ വെള്ളം തുറന്നിട്ടിട്ട് നാലുദിവസമായി. ഇന്നലെ വരെ വെള്ളം എത്തിയതാകട്ടെ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ. 500 മീറ്റർ ദൂരമുള്ള കണ്ണൻകുളത്തിൽ ചാടുന്നതിന് ഇനിയും ഒരു ദിവസം കാത്തിരിക്കണം. ഇതിനിടെ കൂടപ്പുഴയിൽ കനാൽ കരകവിയുന്ന കാഴ്ചയുമുണ്ട്. കാനാൽ ബണ്ടിലെ വീടുകളിലേക്ക് ചെറിയ തോതിൽ വെള്ളം കയറുന്നുണ്ട്. സൗത്ത് ജംഗ്ഷനിലെ ഫ്‌ളൈ ഓവറാണ് കഥയിലെ വില്ലൻ. അടിയിലൂടെ വെള്ളം കടന്നുപോകുന്നില്ല. നിലവിലെ കനാൽ, ഒരടി ഉയരത്തിലാണ് ഫ്‌ളൈ ഓവറിന്റെ അടിയിലൂടെ പോകുന്നത്. ഇവിടെയുണ്ടാകുന്ന തടസം മേൽഭാഗങ്ങളിൽ കനൽ കരകവിയുന്നതിന് ഇടയാക്കുന്നു. ദേശീയപാത ബൈപ്പാസിലെ മേൽപ്പാല നിർമ്മാണ കാലഘട്ടത്തിൽ ഇതു കാണാനും പറയാനും ആരുമുണ്ടായില്ല. ദുരിതം അനുഭവിക്കുന്നത് ജനങ്ങളും. അടിയിലെ കോൺക്രീറ്റ് പൊളിച്ച് പൈപ്പിട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ജനപ്രതിനിധികൾ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നും നടപ്പായില്ല. കണ്ണൻകുളം നിറയ്ക്കുന്നതിന് ഒരാഴ്ചയോളം കനാലിൽ വെള്ളം ഒഴുകുമ്പോൾ രണ്ടായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം എം.എൽ.എയും നഗരസഭാ അധികൃതരും അറിയാതെ പോകരുത്.