വലപ്പാട്: വലപ്പാട് ചന്തപ്പടിയിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. അടുത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യ ആശുപത്രിക്കായി സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന്റെ സുരക്ഷാ വേലിയുമായി ബന്ധിപ്പിച്ചാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്.
കെ.എസ്.ഇ.ബി നിയമപ്രകാരം സുരക്ഷാ വേലിയുടെ സമീപത്ത് നിന്ന് ഒന്നര മീറ്റർ മാറ്റിയാവണം നിർമ്മാണപ്രവൃത്തി നടത്തേണ്ടത്. സുരക്ഷാ വേലിയോട് ബന്ധിപ്പിച്ചും നടപ്പാതയോട് ചേർന്നുമാണ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോഴത്തെ അനധികൃത നിർമ്മാണം.
പത്തുമീറ്ററിനപ്പുറത്ത് പഴയ ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും അത് ഒഴിവാക്കാനാണ് പുതിയത് പണിതതെന്നാണ് ആരോപണം. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നതും ആവശ്യമായ സൗകര്യങ്ങളില്ലാത്തതുമായ കാത്തിരിപ്പുകേന്ദ്രം ഉടൻ മാറ്റണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.