തൃപ്രയാർ: ചേർക്കര പുഴയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികൾ വീട് ഒഴിഞ്ഞ് ബന്ധുവീടുകളിലേക്ക് മാറുന്നു. മുറ്റിച്ചൂർ പാലത്തിന് പടിഞ്ഞാറെക്കരയിൽ ടാപ്പുകളിൽ കുടിവെള്ളം എത്തിയിട്ട് 12 ദിവസം കഴിഞ്ഞു.
വീടുകളിൽ സൂക്ഷിച്ചിരുന്ന കുടിവെള്ളമെല്ലാം കഴിഞ്ഞതോടെ പ്രദേശവാസികൾ നട്ടം തിരിയുകയാണ്. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും വസ്ത്രം കഴുകാനും വെള്ളമില്ലാത്ത അവസ്ഥയുണ്ട്. ഇതോടെ പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി.
പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളവുമാണ്. പലരും സൈക്കിളിലും അർബാനയിലും അകലെ നിന്നും വെള്ളം കൊണ്ടുവരികയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പ്രശ്‌നം പരിഹരിക്കാൻ പഞ്ചായത്തോ ജനപ്രതിനിധികളെ ഇടപെടുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.