ഗുരുവായൂർ: കെ.എസ്.ആർ.ടി.സിയിൽ നിന്ന് സൂപ്പർ ക്ലാസ് സർവീസുകളെ അടർത്തിയെടുത്ത് കെ - സ്വിഫ്റ്റ് എന്ന കമ്പനി രൂപവത്കരിക്കുന്നത് ഇടതുപക്ഷ നയത്തിന് എതിരാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുഗതാഗത സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സർവീസുകൾ എല്ലാം തന്നെ കെ.എസ്.ആർ.ടി.സിയിൽ നിലനിറുത്തിക്കൊണ്ട് എങ്ങനെ ലാഭകരമാക്കാമെന്ന് പരിശോധിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ. രാജേശ്വരൻ അദ്ധ്യക്ഷനായി.
മുൻ എം.എൽ.എ ഗീത ഗോപി, എഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എ. ജേക്കബ്, നഗരസഭാ കൗൺസിലർ ബിന്ദു പുരുഷോത്തമൻ, ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി വി.ടി. ജോസഫ് രാജ, യൂണിറ്റ് സെക്രട്ടറി ടി.കെ. സജീവൻ എന്നിവർ സംസാരിച്ചു.