 
തൃശൂർ: ലോട്ടറി കടകൾ നഗരത്തിൽ കൂണുപോലെ പെരുകുമ്പോൾ വ്യാജ ലോട്ടറികളും സെയിം നമ്പറുമായി വിലസുകയാണ് തട്ടിപ്പ് സംഘങ്ങൾ. ഉദ്യോഗസ്ഥ ലോബിയും വൻകിട ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. സംസ്ഥാന ലോട്ടറിയിലൂടെ ഉപജീവനം കണ്ടെത്തുന്നവർ ആയിരക്കണക്കിനുള്ളപ്പോഴാണ് സമാന്തരസംഘം വിലസുന്നത്.
വൻകിടക്കാർ മൊത്തമായി വിവിധ പേരുകളിൽ ലോട്ടറി കൈപ്പറ്റുന്നതായി ആക്ഷേപമുണ്ട്. ഇതുമൂലം സാധാരണക്കാരായവർക്ക് ആവശ്യമായ ലോട്ടറി ലഭിക്കുന്നില്ല. വൻകിടക്കാരെ സമീപിച്ച് കുറഞ്ഞ കമ്മിഷനിൽ വാങ്ങി വിൽക്കേണ്ടിയും വരുന്നു. രാവിലെ സമാന്തര ലോട്ടറിയും സെയിം നമ്പർ ലോട്ടറിയുമൊക്കെയായി സജീവമാണ് നഗരത്തിന്റെ മുക്കുമൂലകളും. മണിക്കൂറുകൾ ഇടവിട്ട് നറുക്കെടുപ്പ് നടത്തുന്ന സംഘം വരെയുണ്ട്. ഇതിൽ അധികവും ചെന്നുപെടുന്നത് തൊഴിലാളികളും സാധാരണക്കാരുമാണ്. ചൂണ്ടയിൽ ഇരയിടുന്നത് പോലെ കുറച്ച് തുക ഇക്കൂട്ടർക്ക് ലഭിക്കുന്നതോടെ വീണ്ടും ഇത്തരം തട്ടിപ്പുകളിലേക്ക് വീഴും.
വ്യാജലോട്ടറി വിൽപ്പനയും സജീവം
വിവിധ പേരുകളിൽ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി അതുവഴിയുള്ള വ്യാജ ലോട്ടറി വിൽപ്പനയും സജീവമാണ്. കമ്പ്യൂട്ടർ സഹായത്തോടെ നിർമ്മിക്കുന്ന ഇത്തരം ടിക്കറ്റുകളുടെ കോപ്പി അയച്ചാണ് തട്ടിപ്പ് . ഇത്തരത്തിൽ തൃശൂരിൽ നിരവധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ബന്ധപ്പെട്ടവർ ആരും നടപടിയെടുക്കുന്നില്ല. ഇതിനിടയിൽ മാർക്കറ്റും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് വ്യാജ ലോട്ടറി വിൽപ്പനയും സജീവമാണ്. നൂറ് രൂപയ്ക്ക് മൂന്ന് ടിക്കറ്റ് നൽകിയാണ് തട്ടിപ്പ്. ഇതിന് പിന്നിൽ ഇതര ജില്ലകളിൽ നിന്നുള്ള ലോബി പ്രവർത്തിക്കുന്നുണ്ട്. വ്യാജനെ വെല്ലാൻ കളർഫുൾ ലോട്ടറി രംഗത്തിറക്കിയെങ്കിലും വിജയിച്ചില്ല.
പ്രധാന കേന്ദ്രം ശക്തൻ സ്റ്റാൻഡ്
ശക്തൻ ബസ് സ്റ്റാൻഡാണ് ലോട്ടറി തട്ടിപ്പിന്റെ പ്രധാന പ്രഭവകേന്ദ്രം. ഇത്തരം വിൽപ്പനയിൽ അധികവും ഇവിടെ നിന്നാണ് തുടങ്ങുന്നത്. ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, വടക്കേ ബസ് സ്റ്റാൻഡ്, ഹൈറോഡ് അടക്കം വിവിധ മേഖലകളിൽ വിവിധ തട്ടിപ്പുമായി ആളുകളുണ്ട്. ലോട്ടറി ചട്ടത്തിന് വിരുദ്ധമായി തൃശൂരിൽ 72 സെയിം ലോട്ടറികൾ വരെയും വിൽക്കുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും ലോട്ടറി എൻഫോഴ്‌സ്‌മെന്റോ ജില്ലാ ലോട്ടറി അധികൃതരോ നടപടിയെടുക്കുന്നില്ല. വിവരം അറിയിക്കാൻ ലോട്ടറി വകുപ്പ് നമ്പർ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ എടുക്കാറില്ലെന്നാണ് ആക്ഷേപം.
ഭാഗ്യക്കുറി വാങ്ങാൻ ഓൺലൈൻ കൂട്ടായ്മ
ഭാഗ്യാന്വേഷികളുടെ കൂട്ടായ്മയുണ്ടാക്കി കമ്മിഷൻ പറ്റുന്ന സംഘങ്ങളും വ്യാപകമാണ്. വാട്‌സ് ആപ്പ് കൂട്ടായ്മയുണ്ടാക്കി അതുവഴി പണം സ്വരൂപിച്ച് വലിയ തോതിൽ ടിക്കറ്റ് വാങ്ങുകയും അതിൽ നിന്ന് ലഭിക്കുന്ന സമ്മാനതുക വീതിച്ച് എടുക്കുകയുമാണ് ചെയ്യുന്നത്. ഭാഗ്യക്കുറി വിലയുടെ അഞ്ച് ശതമാനവും സമ്മാനതുകയുടെ പത്ത് ശതമാനവും കമ്മിഷനായി ലഭിക്കും. എന്നാൽ ഇത് കേരള പേപ്പർ ലോട്ടറി നിയമത്തിന് എതിരാണ്. ഓൺ ലൈൻ കൂട്ടായ്മയിൽ അംഗമാകുന്നതിന് ഫീസും ഉണ്ട്. സമ്മാനം ലഭിച്ചാൽ അതിന്റെ ഓഹരി ഓൺലൈനായി അംഗത്തിന്റെ അക്കൗണ്ടിലെത്തും.