1

തൃശൂർ: കേരളത്തിൽ പലയിടങ്ങളിലായി നടക്കുന്ന ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എ ഭാരവാഹികൾ. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധരും അക്രമവാസനയുള്ള രാഷ്ട്രീയക്കാരും പലപ്പോഴും പ്രശ്നമുണ്ടാക്കുന്നുണ്ട്.

രണ്ടുവർഷത്തിനിടെ വനിതാ ഡോക്ടർമാർക്ക് നേരെയുള്ള അക്രമമടക്കം നൂറിലധികം സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരെയുള്ള സംഭവങ്ങളിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് ഗുരുതര അലംഭാവമാണ് നടത്തുന്നത്. പല കേസുകളിലും പൊലീസ് ഉദ്യോഗസ്ഥർ തന്നെ പ്രതികളാകുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. ഇത്തരം വിഷയങ്ങളിൽ മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മിഷനോ ഇടപെടുന്നില്ലെന്നും ഐ.എം.എ ഭാരവാഹികൾ കുറ്റപ്പെടുത്തി.

അറസ്റ്റ് വൈകിപ്പിച്ച് പ്രതികൾക്ക് മുൻകൂർ ജാമ്യമെടുക്കുന്നതിന് പൊലീസ് സൗകര്യം ചെയ്യുകയാണ്. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഗോപീകുമാർ, ജില്ലാ ചെയർമാൻ ഡോ. എൻ. ബൈജു, കൺവീനർ ഡോ. പവൻ മധുസൂദനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.