1

തൃശൂർ : ഉത്സവങ്ങൾക്ക് 1,500 പേരെ പ്രവേശിപ്പിക്കാമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേ ക്ഷേത്രസങ്കേതങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും കലാപരിപാടികൾക്ക് പൊലീസിന്റെ ഭ്രഷ്ട്. ഉത്സവങ്ങൾക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയതിന്റെ അടിസ്ഥാനത്തിൽ പലരും കലാപരിപാടികൾ നടത്താൻ തയ്യാറെടുത്തെങ്കിലും അനുമതി നൽകാനാവില്ലെന്നാണ് മുന്നറിയിപ്പ്.
വിലക്ക് ലംഘിച്ച് പരിപാടികൾ നടത്താൻ തയ്യാറാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു. എന്നാൽ ഉത്സവങ്ങളിൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനേക്കാൾ സുരക്ഷിതമായി സാമൂഹിക അകലം പാലിച്ച് കലാപരിപാടികൾ നടത്താൻ സാധിക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. തുറസായ സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങളോടെ കലാപരിപാടികൾ നടത്താൻ കമ്മിറ്റിക്കാർ തയ്യാറാണെങ്കിലും ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് പൊലീസിന്.

അതേസമയം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് കലാപരിപാടി നടത്താമെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. മറ്റ് എല്ലാ മേഖലകളും തുറന്നുകൊടുത്തിട്ടും കലാപരിപാടികൾക്ക് മാത്രം അനുമതി നൽകാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഓരോ ഉത്സവ സീസണിലും ആയിരക്കണക്കിന് കലാപരിപാടികളാണ് അരങ്ങേറാറ്. തീരമേഖലയിൽ മാത്രം പൊതുക്ഷേത്രങ്ങളും കുടുംബക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളിലുമടക്കം 1500 ലേറെ സ്ഥലങ്ങളിൽ എല്ലാ വർഷവും വിവിധ കലാരൂപങ്ങൾ അരങ്ങേറുക പതിവാണ്.

ഈ സീസൺ കൂടി നഷ്ടമാകും

കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടത് മുതൽ കലാകാരന്മാർക്ക് അരങ്ങ് അന്യമാണ്. കൊവിഡ് വ്യാപനം കുറഞ്ഞിട്ടും അനുമതി നൽകാത്തതിനെ തുടർന്ന് രണ്ടാമത്തെ സീസൺ കൂടി നഷ്ടമാകുകയാണ്. കഴിഞ്ഞ വർഷം കുറച്ച് സമയം നേരിയ ഇളവ് ലഭിച്ചെങ്കിലും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണയെങ്കിലും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും റിഹേഴ്‌സലും മറ്റും നടത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിച്ചില്ല.
മദ്ധ്യകേരളത്തിലെ ഉത്സവം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി ഉള്ളത് ചുരുക്കം ചില പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവങ്ങളാണ്. എന്നാൽ ഇവിടെയെല്ലാം ഇത്തരം ആഘോഷങ്ങളേക്കാൾ പ്രധാനം ആചാരപരമായ ചടങ്ങുകൾക്കാണ്. ശിവരാത്രി, കുംഭഭരണി തുടങ്ങിയവയാണ് പിന്നെയുള്ളത്. എന്നാൽ കലാപരിപാടികൾ നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.


കഴിഞ്ഞ രണ്ട് വർഷമായി ഒറ്റ കലാപരിപാടികൾ പോലും ബുക്ക് ചെയ്യാൻ ആരും വന്നിട്ടില്ല. ഇളവുകൾ ഈ മേഖലയ്ക്ക് കൂടി നൽകിയില്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പോകുന്നത്.

കെ.വി.രാമകൃഷ്ണൻ
പ്രോഗ്രാം ബുക്കിംഗ് എജന്റ്‌