kapila

കൂത്തിന് ഏവർക്കും വാതിൽ തുറന്ന് കൊച്ചിൻ ദേവസ്വം

തൃശൂർ: കൂത്തമ്പലങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്ന കീഴ്‌വഴക്കം അവസാനിപ്പിച്ച് എല്ലാ ജാതിക്കാർക്കും കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാൻ അനുമതി നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്ര തീരുമാനം.

വടക്കുന്നാഥ ക്ഷേത്രം അടക്കം ബോർ‌ഡിന്റെ എല്ലാ ക്ഷേത്രങ്ങൾക്കും തീരുമാനം ബാധകമായിരിക്കും.

പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവും ഏതാനും കലാകാരന്മാരുമാണ് കൂത്തമ്പലങ്ങളിൽ നിന്ന് ജാതി വിവേചനത്തെ പടിയിറക്കാൻ വഴിയൊരുക്കിയത്. അമ്മന്നൂർ മാധവചാക്യാരുടെ ശിഷ്യയും ഇരിങ്ങാലക്കുട നാട്യകൈരളിയുടെ ഡയറക്ടറുമായ കപില, ഡൽഹി സ്‌കൂൾ ഒഫ് ഡ്രാമയിൽ വിസിറ്റിംഗ് പ്രൊഫസറാണ്. കൂടിയാട്ടം കലാകാരൻ വേണുജിയുടെയും മോഹിനിയാട്ടം നർത്തകി നിർമ്മല പണിക്കരുടെയും മകളാണ്. ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം, പാഠകം, മിഴാവുമേളം, മിഴാവിൽ തായമ്പക തുടങ്ങിയവ കൂത്തമ്പലങ്ങളിൽ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണമെന്ന് ഇവ‌ർ സാമൂഹ്യമാദ്ധ്യമങ്ങളിൽ ആവശ്യപ്പെട്ടു. അടിയന്തരച്ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന കൂത്തിനും കൂടിയാട്ടത്തിനും കാരായ്മ അവകാശം പ്രത്യേക കുടുംബങ്ങൾക്കുണ്ടെന്നും അതിന് മുടക്കം വരാതെ മറ്റ് സമയങ്ങളിൽ കൂത്തും കൂടിയാട്ടവും ബോർഡിന്റെ ക്ഷേത്രങ്ങളിലെ എല്ലാ കൂത്തമ്പലങ്ങളിലും എല്ലാജാതിയിൽപ്പെട്ടവർക്കും നടത്താമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ കേരളകൗമുദിയോട് പറഞ്ഞു.

ചാക്യാർ, നമ്പ്യാർ വിഭാഗങ്ങളിലുള്ളവരാണ് ഇത് അവതരിപ്പിച്ചിരുന്നത്. അടിയന്തരങ്ങൾ മുടങ്ങിയ കൂത്തമ്പലങ്ങളിൽ അടിയന്തരം ഏറ്റെടുത്തു നടത്താൻ തയ്യാറുള്ളവർക്കും അനുമതിയും പ്രതിഫലവും നൽകണമെന്ന് കലാകാരന്മാർ ആവശ്യപ്പെടുന്നു.

'ക്ഷേത്രങ്ങളിൽ നിലച്ചുപോയ അടിയന്തരച്ചടങ്ങുകൾ പ്രതിഫലം കൊടുത്ത് നടത്താൻ അനുവദിക്കണം. പൂജാകർമ്മം അടക്കം അബ്രാഹ്മണർ ചെയ്യുമ്പോൾ എല്ലാവർക്കും അവസരം നൽകണം'

-കപില

ജാതിവിവേചനം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉണ്ടാകില്ല. സ്‌പോൺസറെ കണ്ടെത്തിയാൽ കലാകാരന്മാർക്ക് നല്ല വരുമാനവുമാകും. ശിവരാത്രിക്കും കൂത്തുത്സവത്തിനുമാണ് വടക്കുന്നാഥക്ഷേത്രത്തിൽ അടിയന്തരച്ചടങ്ങുള്ളത്. മറ്റ് ദിവസങ്ങളിൽ കലാപരിപാടികൾ നടത്താം

-വി.നന്ദകുമാർ

പ്രസിഡന്റ്, കൊച്ചി

ദേവസ്വം ബോർഡ്.

ചർച്ച ചെയ്ത്

തീരുമാനിക്കും

കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലമുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലും എല്ലാ ജാതിയിലുള്ളവർക്കും കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാൻ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മറ്റി ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രിയും തന്ത്രിയും അമ്മന്നൂർ ചാക്യാർ കുടുംബവുമായും ചർച്ച ചെയ്യും.