 
തൃശൂർ: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്ന് ക്രൂരമായി ടി.ടി.ഇയെ മർദ്ദിച്ച് അവശനാക്കിയ വാർത്ത പുറത്തുവന്നതോടെ ട്രെയിനുകളിലെ സുരക്ഷിതത്വമില്ലായ്മയെ ചൊല്ലി ആശങ്കകളേറുന്നു. ടിക്കറ്റ് പരിശോധകന് മർദ്ദനമേറ്റ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി യാത്രചെയ്യുന്ന ട്രെയിനുകളിൽ റെയിൽവേ സുരക്ഷാസേനാംഗങ്ങളെ കൂടുതൽ നയോഗിക്കാൻ തീരുമാനിച്ചതായാണ് വിവരം.
ഷാലിമാർ, ഹൗറ, ദിബ്രുഗഢ്, സിൽചർ, പട്‌ന എന്നിവിടങ്ങളലേക്കും തിരിച്ചുമുള്ള ട്രെയിനുകളിലാണ് സുരക്ഷ കൂട്ടിയത്. റെയിൽവേ ഉദ്യോഗസ്ഥന് നേരെ തന്നെ ക്രൂരമായ മർദ്ദനമുണ്ടായിട്ടും ഏതാനും ട്രെയിനുകളിൽ മാത്രം സുരക്ഷ കൂട്ടിയിട്ട് എന്തുകാര്യമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
സൗമ്യ കൊല്ലപ്പെട്ട് 11 വർഷം പിന്നിടുമ്പോഴാണ് ട്രെയിനിൽ ഒരു ഉദ്യോഗസ്ഥനുനേരെ അക്രമമുണ്ടാകുന്നത്. 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് വന്ന പാസഞ്ചർ ട്രെയിനിന്റെ വനിതാ കംപാർട്‌മെന്റിൽ അതിക്രമിച്ച് കടന്നാണ് പ്രതി ഗോവിന്ദച്ചാമി ആക്രമിച്ചത്.
പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ മാനഭംഗത്തിന് വിധേയയാക്കിയെന്നും അക്രമത്തെത്തുടർന്ന് സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു കേസ്. ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഈ സംഭവത്തിനു പിന്നാലെ നിരവധി സുരക്ഷാനിർദ്ദേശങ്ങളാണ് ഉയർന്നത്. എന്നാൽ ഒന്നും നടന്നില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്‌റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി പൂർണമായും കേരളത്തിൽ അടക്കം നടപ്പായില്ലെന്നാണ് പ്രധാനപരാതി. ഓരോ കോച്ചിലും എട്ട് കാമറകളെങ്കിലും സ്ഥാപിക്കാനായിരുന്നു നീക്കം. വാതിലുകളും ഇടനാഴികളും നിരീക്ഷണ പരിധിയിൽ വരും. സ്ത്രീ സുരക്ഷ ഉറപ്പാക്കാനുളള കേന്ദ്ര സർക്കാരിന്റെ മേരി സഹേലി പദ്ധതിയും എങ്ങുമെത്തിയില്ല. ആർ.പി.എഫിന്റെ വനിതാ സംഘങ്ങളെ ഇതിനായി രൂപീകരിച്ചിരുന്നു. എന്നാൽ, കൊവിഡിൽ എല്ലാം തകിടം മറിഞ്ഞു.
കഴിഞ്ഞ മേയിലായിരുന്നു മുളന്തുരുത്തിയിൽ യുവതി ട്രെയിനിൽ നേരിട്ട അക്രമം കേരളത്തെ ഞെട്ടിച്ചത്. സൗമ്യ നേരിട്ട സമാനമായ സാഹചര്യങ്ങളിലേക്ക് പോകുന്നതിനിടെയാണ് യുവതി പാളത്തിലേക്ക് ചാടി രക്ഷപ്പെട്ടത്. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടുമാത്രം. അക്രമി ഫോൺ പിടിച്ചുവാങ്ങി പുറത്തേക്ക് വലിച്ചെറിഞ്ഞും സ്‌ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തിയും ആഭരണങ്ങൾ ഊരിയെടുക്കുകയായിരുന്നു. ടോയ്‌ലെറ്റിലേക്ക് വലിച്ചുകൊണ്ടു പോകുന്നതിനിടെയാണ് യുവതി ട്രെയിനിൽ നിന്ന് ചാടിയത്.
കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്ത് ദീർഘദൂര ട്രെയിനിൽ സ്ത്രീ യാത്രക്കാരെ മയക്കി കൊള്ളയടിച്ച സംഭവവും വിരൽചൂണ്ടിയത് റെയിൽവേയുടെ സുരക്ഷാ അലംഭാവത്തിലേക്കായിരുന്നു. റിസർവ്ഡ് കമ്പാർട്ട്‌മെന്റിലാണ് മൂന്ന് യാത്രക്കാരികളെ കൊള്ളയടിച്ചത്. ട്രെയിൻ തിരുവനന്തപുരം സ്‌റ്റേഷനിലെത്തുംവരെ കുറ്റകൃത്യം റെയിൽവേയുടെ ശ്രദ്ധയിൽ വന്നില്ലെന്നത് സുരക്ഷാസംവിധാനത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുന്നതായിരുന്നു.
ടിക്കറ്റില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതായാണ് അറിയുന്നത്. ഇത് പരിശോധനാസംവിധാനങ്ങളിലെ പാളിച്ചയാണ്. ട്രെയിനുകളിലും സ്റ്റേഷനിലും കൂടുതൽ കാമറകൾ വേണം. കാമറകൾ ശരിയായി പ്രവർത്തിക്കുന്നതുമാകണം.
- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ