പുത്തുർ: ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിവന്നിരുന്ന കൈനുർ ഏഴാലിച്ചിറ നിർമ്മാണ പ്രവർത്തനങ്ങൾ റവന്യു വകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ പൊലിസ് തടഞ്ഞു. ഇവിടെയുള്ള മിച്ചഭൂമി സമീപവാസികളും മറ്റും കയ്യേറ്റങ്ങൾ നടത്തി കാർഷിവൃത്തികൾ നടത്തിവരികയായിരുന്നു. ഇവിടെയുള്ള നെല്ലുത്പ്പാദക സംഘത്തിന്റെ ആവശ്യപ്രകാരം ഈ ചിറ പുനരുദ്ധരിക്കാൻ ജില്ലാ പഞ്ചായത്ത് തത്വത്തിൽ തീരുമാനമെടുക്കുകയും അതിന് വേണ്ട ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ബന്ധപ്പെട്ട പഞ്ചായത്തിനും വില്ലേജുകൾക്കും പ്രസ്തുത അറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ കഴിഞ്ഞ ദിവസം സമീപത്തെ കർഷകർ അതിനെതിരെ സംഘടിക്കുകയും പൊലീസ് ഇടപെട്ട് നിർമ്മാണ പ്രവൃത്തികൾ നിറുത്തി വയ്ക്കാൻ ആവശ്യപ്പെടുകയമായിരുന്നു. സമാന സംഭവങ്ങൾ മറ്റു പല ജില്ലയിലും നടക്കുന്നുണ്ടെന്നും പദ്ധതി നടപ്പിൽ വരുത്തുന്നതിനായി ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവും സംഭവം റവന്യുമന്ത്രിയുടെ ശ്രദ്ധയിലുപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.

ഏഴാലിച്ചിറയുടെ സമീപത്തായി നിരവധി തടാകങ്ങളും ജലസുരക്ഷയ്ക്ക് വേണ്ട മറ്റു മാർഗങ്ങളും ഉണ്ടെന്നിരിക്കെ പുതിയൊരു ചിറയുടെ ആവശ്യകത ഇവിടെയില്ല. ഈ സ്ഥലം മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം.
-മിനി ഉണ്ണിക്കൃഷ്ണൻ
(പഞ്ചായത്ത് പ്രസിഡന്റ്)