വടക്കാഞ്ചേരി: ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് വ്യത്യസ്തമായ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പറപ്പുറപ്പാട് നാളെ നടക്കും. മുപ്പട്ട് വെള്ളിയാഴ്ചയായ നാളെ അത്താഴ പൂജകൾക്ക് ശേഷം പടപ്പുറപ്പാടിന്റെ ചടങ്ങുകൾ ആരംഭിക്കും. നമസ്‌കാരമണ്ഡപത്തിൽ പ്രത്യേക അണിച്ചിലും പത്മമിടലും കഴിഞ്ഞ ശേഷം കുമരം കിണറ്റു കരം, പതികുളങ്ങര, മംഗലം അയ്യപ്പൻകാവ്, തിരുവാണിക്കാവ് ക്ഷേത്രങ്ങളിലെ കോമരങ്ങൾ തുള്ളി കൽപ്പന ചൊല്ലും. തുടർന്ന് ഭഗവതിയുടെ പ്രതിപുരുഷനായി സങ്കൽപ്പിക്കുന്ന അക്കീക്കര ഇല്ലത്തെ ഇളയത് ഭഗവതിയുടെ വാളും ചിലമ്പും ഏറ്റുവാങ്ങും. ഇളയത് ഭഗവതിയെ തന്നിലേക്ക് ആവാഹിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും പുറത്തു കടക്കും. പാലിശ്ശേരി നായർ തവാട്ടിലെ കാരണവരുടെ കൈപിടിച്ച് നേരെ പാമ്പിൻകാവിൽ തൊഴുതു വണങ്ങും. ശേഷം വടക്കേനടയിലെ ആൽമരത്തിനെ മൂന്ന് പ്രദക്ഷിണം വച്ച ശേഷം ക്ഷേത്രം വലംവച്ച് കിഴക്കേനടയിൽ പട്ടികജാതി വിഭാഗത്തിലെ കുടുംബം ഒരുക്കുന്ന ആദ്യപറ ഭഗവതി കൈക്കൊള്ളും. പിന്നീട് വാദ്യമറിയിച്ച് പനങ്ങാട്ടു കാർത്ത്യായനി ക്ഷേത്രത്തിലേക്ക് നീങ്ങും. മാമാങ്ക ദിവസമായ 22 വരെ തട്ടകങ്ങളിൽ രാത്രിയും പകലുമില്ലാതെ പറയെടുക്കും. മുറ്റത്ത് നിലവിളക്ക് കത്തിച്ചു വച്ചു കാണുന്ന എല്ലാ വീടുകളിലേയും പറ ജാതി, മത ഭേതമന്യ കൈക്കൊള്ളുമെന്നതാണ് പ്രത്യേകത.