പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എഫ്. രാജൻ പൊതുപ്രവർത്തകൻ എന്ന നിലയിലും എഴുത്തിന്റെ വഴിയിലും നന്മ നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ മൂന്നാമത്തെ നോവൽ 'നന്മ നിറഞ്ഞ വഴികൾ' പൂർണമായി കഴിഞ്ഞു. ഇനി അത് പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് രാജൻ. പലായനങ്ങൾ, തീരങ്ങൾ അകലെ എന്നീ രണ്ടു പുസ്തകങ്ങൾ പൂവത്തൂർ സ്വതന്ത്ര കലാപരിഷത്ത് വായനശാലയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമികമായി എട്ടാം ക്ലാസുവരെ വിദ്യാഭ്യാസമുള്ള രാജൻ 1983 മുതൽ നാല് പതിറ്റാണ്ടുകാലമായി സി.പി.എമ്മിന്റെ പൊതുപ്രവർത്തനവുമായി മുഴുവൻ സമയവും പ്രവർത്തിക്കുന്നു. 15 വർഷക്കാലം വാർഡ് മെമ്പറായും ചില വർഷങ്ങളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 2010 മുതൽ 2015 വരെ എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. തന്റെ സമയം പൂർണമായും പൊതുപ്രവർത്തനത്തിനാണ് രാജൻ ചെലവഴിക്കുന്നത്. രാത്രികാല സമയമാണ് വായനയ്ക്കും എഴുത്തിനുമായി വിനിയോഗിക്കുന്നത്.
ഡൽഹി, ഫരിദാബാദ്, മുംബയ്, മദ്രാസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 18 വയസു മുതൽ ജോലി ചെയ്ത അനുഭവങ്ങൾ എഴുത്തിന് പ്രചോദനമായിട്ടുണ്ട്. അത് മുമ്പത്തെ നോവലുകളിൽ ഇതിവൃത്തമായിരുന്നു. ഏറെ ചൂഷണങ്ങളും ജീവിത പ്രതിസന്ധികളും നേരിടുന്നതാണ് കേരളത്തിലെ ആദിവാസി സമൂഹം. ഇവരെ പ്രമേയമാക്കിയുള്ളതാണ് രാജന്റെ പുതിയ നോവൽ. രാജൻ എളവള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് പഞ്ചായത്തിലെ പൂവത്തൂർ പ്രദേശത്ത് താമസിച്ചിരുന്ന അട്ടപ്പാടി സ്വദേശികളായ ആദിവാസികൾ മരണപ്പെട്ടിരുന്നു. ഇത് രാജനിലുണ്ടാക്കിയ പ്രതിഫലനമാണ് പുതിയ നോവൽ വിഷയമായത്.
ആളുകൾക്കിടയിൽ സി.എഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാജൻ എളവള്ളി പഞ്ചായത്ത് പ്രസിഡന്റായ സമയത്താണ് പൂവത്തൂർ പെന്നോത്ത് കുന്നിലെ ജലനിധി, പൂവത്തൂർ ബസ് സ്റ്റാൻഡ്, വൃദ്ധൻമാർക്കുള്ള പകൽ വീട്, കണിയാതുരുത്തിലെ വാതക ശ്മശാനം, ചിറ്റാട്ടുകര എളവള്ളിപ്പാലം, പണ്ടാറക്കാട് പാലം തുടങ്ങിയവയെല്ലാം നിർമ്മിച്ചത്. 1965 ൽ ഇ.കെ. ഇമ്പിച്ചിബാവ മന്ത്രിയായിരുന്നപ്പോൾ ഉദ്ഘാടനം ചെയ്ത എളവള്ളി പഞ്ചായത്ത് കെട്ടിടം നവീന മാതൃകയിൽ പുനർനിർമ്മിച്ചതെല്ലാം രാജൻ പ്രസിഡന്റായ സമയത്താണ്. പൂവത്തൂർ ചിരിയങ്കണ്ടത്ത് ഫ്രാൻസിസിന്റെയും റോസക്കുട്ടിയുടേയും മകനായ രാജന്റെ ഭാര്യ സൂസിയാണ്. വിദേശത്ത് ജോലി ചെയ്യുന്ന സീജൻ, വിദ്യാർത്ഥിയായ സിജിൽ എന്നിവർ മക്കളാണ്.

ഒരു പൊതുപ്രവർത്തകനാകുമ്പോൾ പല കാര്യങ്ങളും പുറത്ത് പറയാൻ മടിക്കും. എന്നാൽ എഴുത്തുകാരൻ ആവുമ്പോൾ അക്ഷരങ്ങളിലൂടെ അത് നമുക്ക് സമൂഹത്തോട് പറയാൻ സാധിക്കും. അക്ഷരം ആയുധമായും കാണാൻ കഴിയും
-സി.എഫ്. രാജൻ