തൃശൂർ: പൊലീസ് അക്കാഡമിയിലെ മത്സ്യക്കൃഷി വിളവെടുപ്പിൽ നൂറുമേനി. ജൈവകൃഷി തോട്ടത്തിലെ ജലാശയത്തിൽ നിന്ന് വലയെറിഞ്ഞ് പിടിച്ചെടുത്തത് കിലോക്കണക്കിന് പെടയ്ക്കുന്ന മീനുകളാണ്. വിളവെടുപ്പ് ആവേശമാക്കി പൊലീസ് ഉദ്യോഗസ്ഥരും പരിശീലനാർത്ഥികളും. ഈർക്കിലിയിൽ കോർത്ത ഒരോ മീനും ത്രാസിലിട്ടു തൂക്കിയപ്പോൾ ഒന്നു മുതൽ 3 കിലോ വരെ. വിളവെടുപ്പ് ഐ.ജി.പി(ട്രെയിനിംഗ്) സേതുരാമൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ വിശാലകാർപ്പ് മത്സ്യകൃഷി ഭാഗമായാണ് കേരള പൊലീസ് അക്കാഡമി കുളത്തിൽ നിന്ന് മത്സ്യകൊയ്ത്ത് നടത്തിയത്. ജൂലൈയിലാണ് ആയിരം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പ് മാർഗ നിർദ്ദേശത്താൽ ശാസ്ത്രീയ പരിപാലനത്തിലൂടെ തീറ്റ നൽകിയാണ് വളർത്തിയത്. എട്ടാം മാസത്തിലാണ് നൂറുമേനി വിളവെടുപ്പ്. ഗ്രാസ്സ് കാർപ്പ്, തിലാപ്പിയ, നട്ടർ ഇനത്തിലുള്ള മത്സ്യങ്ങളാണ് നിലവിൽ വിൽപ്പനയ്ക്കായി തയ്യാറായിട്ടുള്ളത്. അക്കാഡമിയിലെ പ്രൊവിഷണൽ സ്റ്റോർ വഴിയാണ് വിപണനം.
കേരള പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർമാരായ ടി.കെ. സുബ്രഹ്മണ്യൻ, എൽ. സോളമൻ, നജീബ്.എസ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസ്.പി, മത്സ്യഭവൻ പീച്ചി എക്സ്റ്റൻഷൻ ഓഫീസർ ജോയ്‌നി ജെയ്ക്കബ്.എം, അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ജോമാൾ.സി. ബേബി, പ്രൊജക്ട് കോ-ഓർഡിനേറ്റർ അനഘ, പ്രമോട്ടർ ചിഞ്ചു. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൈവക്കൃഷി തോട്ടത്തിന്റെ നടത്തിപ്പും മേൽനോട്ട ചുമതലയുമുള്ള ഡി.വൈ.എസ്.പി ഇൻഡോർ ബാലൻ പി.ടിയുടെ നേതൃത്വത്തിലാണ് മത്സ്യക്കൃഷി പരിപാലനവും വിളവെടുപ്പും നടന്നത്.