1
റോസ

ചാലക്കുടി: പരിയാരത്തെ മുത്തശ്ശി റോസയ്ക്ക് 105, കൊവിഡ് കാലം ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം തരംഗത്തിലേക്ക് എത്തുമ്പോഴും മുത്തശ്ശിയുടെ മുഖത്ത് പുഞ്ചിരി. കൊവിഡ് എന്നല്ല ഒരു രോഗവും ഈ പ്രായത്തിലും മുത്തശ്ശിക്ക് അന്യം. മൂഴിക്കക്കടവ് റോഡരികിൽ തെക്കുംമുറിയിലെ തറവാട്ടുവീട്ടിൽ നാട്ടുവർത്തമാനം പറച്ചിലുമായി രാവിലേ തന്നെ റോസമുത്തശ്ശി തിരക്കിലാണ്.

കൊറോണ വന്നോയെന്ന് ചോദിച്ചാൽ... 'അതെന്താ?' എന്ന് തിരികെ ചോദിക്കും. കൊവിഡ് മാത്രമല്ല,​ ജീവിതശൈലി രോഗങ്ങളും റോസയുടെ വേലിക്കപ്പുറത്ത് തന്നെ. നാലു മക്കളും അവരുടെ കുട്ടികളുമൊക്കെയായി അഞ്ചു തലമുറയുടെ രാജ്ഞിയായി സുഖമായി വാഴുകയാണ് പരേതനായ വറീതിന്റെ ഭാര്യ റോസ.

കാഴ്ചയും കേൾവിക്കും കുഴപ്പമില്ല. അടുത്തിടെവരെ എല്ലാ ഭക്ഷണങ്ങളും പഥ്യമായിരുന്നു. ഇപ്പോൾ പ്രിയം കൂടുതൽ ബിസ്‌കറ്റിനോടാണ്. കൊവിഡിന് മുൻപ് പള്ളിയിലേക്കുള്ള റോസ മുത്തശ്ശിയുടെ കാൽനടയാത്ര നാട്ടുകാർക്ക് ആശ്ചര്യവും അത്ഭുതവുമായിരുന്നു. ഉറക്കത്തിനിടെ രാത്രി വീടിനകത്ത് എഴുന്നേറ്റു നടന്നത് വിനയായി. കാലിടറി താഴെ വീണതിൽ പിന്നെ നടത്തം കുറഞ്ഞു,​ എങ്കിലും വാതോരാതെ സംസാരിക്കും.

കഴിഞ്ഞ മഹാപ്രളയത്തെത്തുടർന്ന് പരിയാരം അങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചതെല്ലാം പറയാൻ മുത്തശ്ശിക്ക് നൂറുനാവാണ്. എന്നാൽ 1924ലെയും അഞ്ച് പതിറ്റാണ്ട് മുൻപുള്ള വെള്ളപ്പൊക്കത്തെയും കുറിച്ച് മുത്തശ്ശിക്ക് ഓർത്തെടുക്കാനാകില്ല. രണ്ടാം ക്ലാസിൽ പഠനം നിറുത്തിയതും പിന്നീട് അമ്മയ്‌ക്കൊപ്പം കൃഷിപ്പണിക്കും മണൽച്ചുമടിനും ഇറങ്ങിയതുമെല്ലാം ഓർമ്മയിലുണ്ട്.

പതിനാറാം വയസിൽ വിവാഹം,​ ആറ് മക്കൾ. 28 വർഷം മുൻപ് പ്രിയതമൻ വിട്ടുപിരിഞ്ഞു. ആറു വർഷത്തിന് ശേഷമുള്ള മൂത്തമകൻ ആഗസ്തിയുടെ വേർപാട് നൊമ്പരത്തോടെയല്ലാതെ മുത്തശ്ശിക്ക് പറയാനാകില്ല. ഭിന്നശേഷിക്കാരിയായ മകൾ കുഞ്ഞേല്യയായിരുന്നു ഇത്രയും കാലം കൂട്ട്. 'ഇപ്പോൾ അവളും പോയി...' കരഞ്ഞുകൊണ്ട് മുത്തശ്ശി പറയുന്നു.

മക്കൾ ഇടവിട്ട ദിവസങ്ങളിൽ ശുശ്രൂഷയ്‌ക്കെത്തും,​ അടുത്തിടെ ബഹറിനിൽ നിന്ന് പേരക്കുട്ടി ജോബി അമ്മൂമ്മയെ കാണാനെത്തിയിരുന്നു. നൂറാം പിറന്നാൾ ആഘോഷം കുടുംബം കെങ്കേമമാക്കി. നൂറുംകഴിഞ്ഞ് നിൽക്കുന്ന മുത്തശ്ശിയോട് ഇനിയെന്താണ് ആഗ്രഹമെന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കാതെ ഉടൻ പറയും... 'പള്ളിയിലേക്ക് വീണ്ടും നടന്നുപോകണം,​ കുർബാന കൂടണം'.