തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ അദ്ധ്യാത്മിക സാംസ്‌കാരിക പ്രസിദ്ധീകരണമായ ക്ഷേത്രദർശനം മാസികയുടെ മുഖ്യപത്രാധിപരായിരുന്ന കെ.പി. നാരായണ പിഷാരോടിയുടെ സ്മരണയ്ക്കായി കൊച്ചിൻ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ കെ.പി. നാരായണപിഷാരോടി പുരസ്‌കാരത്തിന് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അർഹനായി. 20, 001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്‌കാരമാണ് ഇത്. 26 ന് വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന ശിവരാത്രി മഹോത്സവ പരിപാടിയോടനുബന്ധിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി അഡ്വ.കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെമ്പർമാരായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, സ്വാമി സദ്ഭവാനന്ദ, ഡോ.സി. രാവുണ്ണി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. കോളേജ് അദ്ധ്യാപകനും ഗവേഷകനും പണ്ഡിതനുമാണ് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി. കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ സിറ്റിംഗ് പ്രൊഫസർ, റിസർച്ച് കോ-ഓർഡിനേറ്റർ, ദ്രാവിഡ സർവകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ, വിവിധ സർവകലാശാലകളിൽ പി.ജി. ബോർഡ് ചെയർമാൻ, വള്ളത്തോൾ വിദ്യാപീഠം സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.