
തൃശൂർ : കെ.എസ്.ഇ.ബിയിൽ നടന്നത് കോടികളുടെ അഴിമതിയാണെന്നും മുൻ വൈദ്യുതി മന്ത്രി എം.എം. മണിയും സഹോദരൻ ലംബോധരനും കോടികൾ സമ്പാദിച്ചെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ശതകോടികളുടെ അഴിമതിക്കണക്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ പാർട്ടിക്കാരോ മിണ്ടിയിട്ടില്ല. എം.എം. മണിയെ പോലെ തട്ടിപ്പുകാരനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഇല്ല. ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ കേരള പതിപ്പാണ് എം.എം. മണി. ലാലുപ്രസാദ് ബീഹാറിൽ ചെയ്യുന്നതാണ് എം.എം. മണി കേരളത്തിൽ ചെയ്യുന്നത്. പാവങ്ങളുടെ ആളാണ്, സാധാരണക്കാരനാണ്, പശുവിനെ കറന്ന് ജീവിക്കുന്നു എന്നൊക്കെ പറഞ്ഞ് ആയിരക്കണക്കിന് കോടികളാണ് ലാലു തട്ടിയത്.
അഴിമതി വിവരങ്ങൾ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് തന്നെ അക്കമിട്ട് നിരത്തിയിരിക്കുന്നു. അഴിമതികളിൽ സമഗ്ര അന്വേഷണം വേണം. പട്ടികജാതി പട്ടികവർഗ തൊഴിലാളികൾക്ക് കൂലി ലഭിക്കാത്തതിന്റെ കാരണം മറച്ചുപിടിച്ച് കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, അഡ്വ.കെ.ആർ.ഹരി എന്നിവരും പങ്കെടുത്തു.
ക്രമസമാധാനത്തിൽ കേരളം യു.പിക്ക് താഴെ
ക്രമസമാധാന നിലയിൽ കേരളം ഉത്തർപ്രദേശിനേക്കാൾ എത്രയോ താഴെയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ എത്തിയില്ലെങ്കിൽ ഉത്തർപ്രദേശ് കേരളം പോലെയാകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് വലിയ വിമർശനമാണ് ഉയർന്നത്. കേരളത്തിൽ ക്വട്ടേഷൻ സംഘങ്ങളും ലഹരിമാഫിയയും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആലപ്പുഴയിലെ ബി.ജെ.പി പ്രവർത്തകൻ ശരത്തിന്റെ കൊലപാതകത്തിലും കണ്ണൂരിലെ ബോംബാക്രമണ കേസിലും സി.പി.എം പ്രവർത്തകരാണ്. ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പേരും സി.പി.എമ്മിന്റെ സജീവപ്രവർത്തകരാണ്. കേരളത്തിലെ ക്രമസമാധാന നില സമ്പൂർണമായി തകർന്നു. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണ്. പാർട്ടി ഇടപെടൽ കാരണം പൊലീസിന് കാര്യക്ഷമമായി അന്വേഷണം നടത്താനാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.