തൃശൂർ: ഏകീകൃത സംവിധാനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താനും, നിരീക്ഷിക്കാനും മൊബൈൽ ആപ്പ് സംവിധാനം 'ഹരിതമിത്രം' ഒരുങ്ങുന്നു. മാലിന്യം രൂപപ്പെടുന്ന വീടുകൾ, കടകൾ , ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, സർക്കാർ - സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയിലെ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിവരങ്ങൾ ഇതിൽ ലഭ്യമാകും. ആദ്യം ഹരിതകർമ്മസേനയ്ക്കും തുടർന്ന് പൊതുജനങ്ങൾക്കും ആപ്പ് ലഭ്യമാകും. മാർച്ചിൽ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വരും.
പ്ലാസ്റ്റിക്കുകൾ കത്തിക്കുക, അവ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയ സംഭവങ്ങളും പരാതികളും പൊതുജനങ്ങൾക്ക് മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പ്രത്യേക സംവിധാനം ഈ ആപ്ലിക്കേഷനിൽ ഉണ്ടാകും. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാനും മാലിന്യശേഖരണം, സംസ്‌കരണം സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അറിയാനും കഴിയും എന്നതാണ് മറ്റൊരു സവിശേഷത. കഴിഞ്ഞ ജനുവരിയിൽ ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാർ നൽകിയിരുന്നു.
ഹരിതകേരളം മിഷൻ ശുചിത്വമാലിന്യ സംസ്‌കരണ ഉപദൗത്യത്തിന് കീഴിൽ സംസ്ഥാനത്ത ഏതാണ്ട് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാതിൽ പടി അജൈവമാലിന്യ ശേഖരണം ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം പരിശീലനം ലഭിച്ച ഹരിതകർമ്മസേന വഴി ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനിലൂടെ പ്രായോഗിക തലത്തിലുള്ള ന്യൂനതകൾ, അവയുടെ പുരോഗതി, എന്നിവ അറിയാനും, പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച പരാതികൾ അറിയിക്കാനുമുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരികേരളം മിഷനും, ശുചിത്വ മിഷനും സംയുക്തമായി കെൽട്രോണിന്റെ സഹായത്തോടെയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
ഗുണഉപഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും യുസർ ഫീ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഈ ആപ്ലിക്കേഷനിലൂടെ സാദ്ധ്യമാകും. ഇതിനായി എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും പ്രത്യേകം ക്യു.ആർ കോഡ് പതിക്കും.
മാലിന്യശേഖരണം തുടങ്ങിയത്:
ആപ്പ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്:
സംസ്ഥാനതല പരിശീലനവും ജില്ലാതല പരിശീലനവും കില മുഖേന പൂർത്തിയായിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നു. ഹരിതകർമ്മസേന അംഗങ്ങൾക്കുള്ള പരിശീലനം ഉടൻ നടക്കും.
- പി.എസ്. ജയകുമാർ, ജില്ലാ കോ- ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ