തൃശൂർ: സാമുദായിക സംവരണം അട്ടിമറിച്ചുകൊണ്ട് സ്‌പെഷൽ റിക്രൂട്ട്‌മെന്റ് സെൽ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കുക, സംവരണ സംരക്ഷണ നിയമമുണ്ടാക്കുക, എല്ലാ മേഖലകളിലും കേഡർ സംവരണം നടപ്പിലാക്കുക, കോർപറേഷനുകൾ, ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ സംവരണം നടപ്പിലാക്കുക, താത്കാലിക നിയമനങ്ങളിൽ പട്ടിക വിഭാഗ പരിവർത്തിത ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് സമുദായ മുന്നണി കളക്ടറേറ്റ് ധർണ നടത്തും. മുന്നണിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് നടക്കുന്ന ധർണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പിള്ളി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മണികണ്ഠൻ കാട്ടാമ്പിള്ളി, ഉണ്ണിചെക്കൻ പുത്തൂക്കാരൻ, പി.വി. സജീവ്കുമാർ, എ.കെ. സുലോചന പങ്കെടുത്തു.