തൃശൂർ: ആദിവാസി തീരദേശ മേഖലകളിലെ വിദ്യാർത്ഥികളുടെ പഠന വിടവ് നികത്താൻ തെളിമ പദ്ധതിയുമായി ജില്ലയിലെ നാഷണൽ സർവീസ് സ്‌കീം. ആദിവാസി തീരദേശ മേഖലകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാർത്ഥികളെ പൊതുപരീക്ഷയ്ക്ക് തയ്യാറാക്കാൻ എൻ.എസ്.എസ് ടീം രൂപീകരിച്ച പദ്ധതിയാണ് തെളിമ.
ഓൺലൈൻ ക്ലാസിന് വേണ്ട ഡിജിറ്റൽ ഉപകരണങ്ങൾ നൽകൽ, എതെങ്കിലും വിഷയത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അദ്ധ്യാപകരില്ലങ്കിൽ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ക്ലാസ് നൽകി പാഠഭാഗങ്ങൾ പൂർത്തികരിക്കൽ, പഠന വിഭവങ്ങൾ നൽകൽ, പരീക്ഷാ പേടി മാറ്റുന്നതിനായി ബോധവത്കരണ ക്ലാസ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
പദ്ധതിയുടെ ഉദ്ഘാടനം പീച്ചി ഗവ. സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി അക്കാദമിക്ക് ജോയിന്റ് ഡയറക്ടർ ഡോ: ആർ. സുരേഷ് കുമാർ നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.വി. മനോജ്കുമാർ അദ്ധ്യക്ഷനായിരുന്നു. പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായി മൊബൈൽ ഫോൺ, പഠന പുസ്തകങ്ങൾ സ്ഥാപന മേലാധികാരികൾക്ക് കൈമാറി. പാണഞ്ചേരി പഞ്ചായത്ത് മെമ്പർ ബാബു തോമസ്, ഹയർസെക്കൻഡറി അക്കാഡമിക് കോ-ഓർഡിനേറ്റർ വി.എം. കരിം, എൻ.എസ്.എസ് ജില്ലാ കൺവീനർ എം.വി. പ്രതീഷ്, എൻ.എസ്.എസ് പി.എ.സി അംഗം ജി. റസൽ, പി.ടി.എ പ്രസിഡന്റ് പി.ഡി. വിൻസന്റ്, ഹെഡ്മിസ്ട്രസ് കെ.എം. ഡെയ്‌സി, പ്രിൻസിപ്പൽ എ. ഗിരീശൻ എന്നിവർ സംസാരിച്ചു.