1

തൃശൂർ: സ്‌കൂളുകൾ 21മുതൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ മുഴുവനായും ശുചീകരണം നടത്തും. വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കം പൊതുജനപങ്കാളിത്തോടെ വിപുലമായ രീതിയിൽ നടത്തും. സ്‌കൂളുകളിൽ പി.ടി.എകളുടെയും പ്രാദേശിക സന്നദ്ധസംഘടനകളുടെയും സഹായം ഇക്കാര്യത്തിൽ സ്വീകരിക്കാം. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങൾ 18ന് ചേരും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് ബോധവത്കരണ ക്ലാസുകളും പരിശീലനപരിപാടിയും സംഘടിപ്പിക്കും. കുട്ടികളുടെ കൺസഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളുടെ യോഗവും വിളിച്ചു ചേർക്കും. വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റുമാരുടെ യോഗവും ക്ലാസ് പി.ടി.എ, എം.പി.ടി.എ, എസ്.ആർ.ജി, ഒ.എസ്.എ മുതലായ സമിതികളുടെ യോഗവും അടുത്ത ദിവസം ചേരും.
യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ഡോ. അനൂപ്, ഡി.ഡി പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ്‌സ്, ഹയർ സെക്കൻഡറി കോ- ഓർഡിനേറ്റർ, വിവിധ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മറ്റു വകുപ്പുതല ദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


നിർദ്ദേശങ്ങൾ

സ്‌കൂളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരിക്കണം. എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസറുകൾ ഉറപ്പുവരുത്തണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും മെഡിക്കൽ ഓഫീസർമാർ ജാഗരൂകരായിരിക്കണം. പ്രധാന അദ്ധ്യാപകർക്ക് ഇത് സംബന്ധിച്ച ക്ലാസ് ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. വിദ്യാലയങ്ങൾ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് വരുന്നതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ ബസുകളും പൂർണമായും സജ്ജമാക്കണം. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, മറ്റു ലാബുകൾ എന്നിവ പ്രവർത്തനസജ്ജമാണോയെന്ന് പരിശോധിക്കണം.