തൃശൂർ: ജില്ലയിൽ കൊവിഡ് - 19 മാർഗനിർദ്ദേശങ്ങൾ പുനക്രമീകരിച്ചതായി കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. എല്ലാ മതപരമായ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയ്ക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ഓരോ ഉത്സവത്തിനും പൊതുസ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയ്ക്ക് ആളുകളുടെ എണ്ണം നിശ്ചയിച്ച് പരിപാടികൾ നടത്താം. ആളുകളുടെ എണ്ണം ബന്ധപ്പെട്ട താലൂക്ക് തഹസിൽദാർമാർ നിശ്ചയിച്ചു നൽകണം.
അനുമതിക്കായുള്ള അപേക്ഷകളിന്മേൽ തീരുമാനം എടുക്കുന്നതിന് ആവശ്യമെങ്കിൽ തഹസിൽദാർമാർ ബന്ധപ്പെട്ട റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്ഥാപന അധികാരികൾ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി തീരുമാനങ്ങൾ കൈകൊള്ളണം.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവായതിന്റെ രേഖ കൈയിലുള്ള 18 വയസിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗ ലക്ഷണങ്ങളില്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവൻ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പു വരുത്തണം.
പന്തലിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യാൻ പാടുള്ളതല്ല. പൊതുപരിപാടികളുടെ സംഘാടകർ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
746 പേർക്ക് കൂടി കൊവിഡ്
തൃശൂർ: ജില്ലയിൽ 746 പേർക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു; ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 323 പേരും വീട്ടുനിരീക്ഷണത്തിലുള്ള 7,842 പേരും ചേർന്ന് 8,911 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,832 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,62,483 ആണ്. 6,49,004 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.