പുത്തൂർ: ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ജില്ലാ പഞ്ചായത്തിന്റെ ഏഴാലിച്ചിറ പദ്ധതി നഷ്ടപ്പെടാൻ അനുവദിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ഏഴാലിച്ചിറ പദ്ധതി പ്രദേശത്ത് വിളിച്ചുകൂട്ടിയ കർഷക കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പ് ഉന്നയിച്ച തടസം പരിഹരിക്കാൻ സ്ഥലം എം.എൽ.എ കൂടിയായ റവന്യൂ മന്ത്രി കെ. രാജൻ മുൻകൈയെടുക്കണം. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഈ ചിറ വീണ്ടെടുക്കലെന്നും അതിന് സഹായകമാകാതെ കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വില്ലേജ് ഓഫീസറും തഹസിൽദാരും കൈക്കൊള്ളുന്നതുമെന്നും ടാജറ്റ് പറഞ്ഞു. നിർവഹണ ഉദ്യോഗസ്ഥായായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കത്ത് നൽകിയിട്ടും ഒരക്ഷരം മിണ്ടാതിരുന്നവർ നവീകരണ പ്രവൃത്തി തുടങ്ങിയ സമയം തടസവാദവുമായി വന്നത് ദുരൂഹമാണ്. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് പ്രവൃത്തികൾ ആരംഭിച്ചത്. ഇക്കാര്യത്തിൽ അപ്പലേറ്റ് അതോറിറ്റി കൂടിയായ ജില്ലാ കളക്ടർ അടിയന്തര തീരുമാനം കൈക്കൊള്ളണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. തീരുമാനം വൈകിയാൽ മാർച്ച് 31 ന് പണി പൂർത്തീകരിക്കാൻ സാധിക്കില്ലായെന്നും ഫണ്ട് ലാപ്‌സാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.