പാവറട്ടി: പെരിങ്ങാട്, കൂരിക്കാട്, കുണ്ടുവക്കടവ്, കാളാനി എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന ചേറ്റുവ കായലിൽ ചളി നിറഞ്ഞ് കായലിന്റെ ആഴം കുറയുന്നു. പുഴയ്ക്കും കടലിനും ഇടയിൽ വെള്ളം കെട്ടി നിൽക്കുകയും ഉപ്പുവെള്ളവും ശുദ്ധജലവും മാറി മാറി വരുന്ന പ്രദേശമാണ് ചേറ്റുവ കായൽ. വേലിയിറക്ക സമയത്ത് കായലിന്റെ അടിത്തട്ടിൽ സൂര്യപ്രകാശം നേരിട്ടു പതിക്കുന്നതിനാൽ മത്സ്യസമ്പത്തും ഞണ്ടും കക്കകളും അപ്രത്യക്ഷമായി തുടങ്ങി. ചേറ്റുവയിലെ മാംസം ഏറെയുള്ള പച്ച ഞെണ്ടിന് വിദേശത്ത് ആവശ്യക്കാരുണ്ട്. പ്രദേശിക വിപണിയിലെ താരങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്ന വെള്ള ചെമ്മീനും കണമ്പും വെള്ള കക്കയും. കായലിന്റെ ആഴം കുറഞ്ഞതോടെ ഇവയെല്ലാം ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമല്ലാതെയായി.
വേലിയേറ്റ സമയത്ത് കടൽ വെള്ളത്തിന്റെ തള്ളിച്ച മൂലം കരയിലേയ്ക്കും പുളിവെള്ളം കയറി ശുദ്ധജല സ്രോതസ്സുകൾ ഉപയോഗശൂന്യമാകുന്നു. കായലിലേയ്ക്ക് അധിക മഴവെള്ളം ഒഴുകി വരുന്ന നീർച്ചാലുകളിലൂടെ ശുദ്ധജല സ്രോതസ്സുകളിലേക്ക് വേനൽക്കാലത്ത് ഉപ്പുവെളളം കയറാതിരിക്കാൻ പുളിക്കെട്ട് നിർമ്മിക്കാറുണ്ട്. പലകകൾ വച്ച് അവയ്ക്കിടയിൽ ചെളി നിറയ്ക്കാറാണ് പതിവ്. പുളിക്കെട്ടുകളുടെ നിർമ്മാണം ശാസ്ത്രീയവും ആധുനികവുമാക്കണമെന്ന്നാട്ടുകാർ ആവശ്യപ്പെടുന്നു.
കായലിന്റെ നടുവിലൂടെ ഒഴുകിയിരുന്ന ചെമ്മീൻ ചാലിൽ ചളി നിറഞ്ഞ് വെള്ളം ഒഴുകി പോകാതെയായി. ഇടിയഞ്ചിറയിൽ നിന്നെത്തുന്ന ചളി വെള്ളവും കടലിൽ നിന്ന് ഒഴുകി കയറുന്ന മട്ടും കൂടിയാണ് കായലിന്റെ നടുവിലൂടെ ഒഴുകിയിരുന്ന ചാലുകളിൽ ചളി നിറച്ചത്. പ്രളയവും അധിക മഴയും കായലിൽ ചളി നിറയുന്നതിന് കാരണമായിട്ടുണ്ട്. കായലിൽ നിന്ന് ലഭിക്കുന്ന ചളി തെങ്ങുകൾക്കുള്ള മികച്ച വളമായും കർഷകർ ഉപയോഗിക്കുന്നു.
കായലിലെ ചളി മാറ്റി നീർചാലുകൾ പഴയപടിയാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ പഠനം നടത്തിയെങ്കിലും ഒന്നുമുണ്ടായില്ല. ചളി കോരി കായൽ തീരങ്ങൾ ഉയരം കൂട്ടുകയാണ് പ്രതിവിധി. കായൽ തിട്ട നിരങ്ങി ഉയരം കുറയുന്നതിനും കാരണമായിട്ടുണ്ട്. ചക്കംകണ്ടം മുതൽ ഇടിയഞ്ചിറ വരെ വിവിധ പഞ്ചായത്തുകളിലും മണലൂർ, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന കായൽ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് സർക്കാർ പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.
കായൽ ആഴം കൂട്ടിയാൽ
സമീപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ശുദ്ധജല സ്രോതസ്സായി മാറും.
തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷിക്ക് ഗുണകരം.
മേഖലയിലെ ശുദ്ധജലക്ഷാമം മാറികിട്ടും.
ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലവസരം വർദ്ധിക്കും.
ബോട്ട് യാത്ര ഉൾപ്പടെയുള്ള ടൂറിസം സാദ്ധ്യതകൾ വർദ്ധിക്കും.