 കൊടുങ്ങല്ലൂർ നഗരസഭയിലെ ജിയോ മാപ്പിംഗിന്റെ ഉദ്ഘാടനം ഡ്രോൺ പറത്തി വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ നഗരസഭയിലെ ജിയോ മാപ്പിംഗിന്റെ ഉദ്ഘാടനം ഡ്രോൺ പറത്തി വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: നഗരസഭയെ ഭൗമവിവര നഗരസഭയാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ മാപ്പിംഗ് ആരംഭിച്ചു.
നഗരസഭ ഓഫീസ് പരിസരത്ത് ഡ്രോൺ പറത്തി വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനംനിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, സെക്രട്ടറി എസ്. സനിൽ എന്നിവർ പ്രസംഗിച്ചു.
എന്താണ് ജിയോ മാപ്പിംഗ് ?
നഗരസഭയിലെ എല്ലാ വിവരങ്ങളും ഭൗമതലത്തിലാക്കി മാറ്റുന്ന വിവരശേഖരണ പദ്ധതിയാണ് ജിയോ മാപ്പിംഗ്.
ജലസ്രോതസുകൾ, പ്രകൃതി, റോഡുകൾ, കെട്ടിടങ്ങൾ തെരുവ് വിളക്കുകൾ, കുടിവെളള പൈപ്പുകൾ, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ, കായലുകൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ, മാലിന്യ മേനേജ്‌മെന്റ്, ദുരന്തനിവാരണ പരിപാടികൾ, മറ്റു പ്രകൃതി വിഭവങ്ങൾ എന്നിവയെല്ലാം ഡ്രോൺ ഉപയോഗിച്ച് മാപ്പിംഗ് നടത്തും.
കൂടാതെ പരിശീലനം ലഭിച്ച അമ്പതോളം യുവാക്കൾ നഗരസഭയിലെ വീടുകൾ കയറി സാമൂഹിക സാമ്പത്തിക സർവേയും നടത്തുന്നുണ്ട്. 34 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നത് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിലെ വിദഗ്ദ്ധരാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ എല്ലാ വിവരങ്ങളും ഒരു ആപ്പിലൂടെ ലഭ്യമാകും. കെട്ടിടങ്ങളുടെ വിസ്തീർണം, നിശ്ചയിക്കപ്പെട്ട നികുതി, ജനസംഖ്യ, കുടുംബങ്ങളുടെ പൊതുവിവരങ്ങൾ എന്നിവയാണ് ആപ്പിലൂടെ ലഭിക്കുക. ഓരോ വർഷവും പദ്ധതി രൂപീകരണത്തിന് ഇത്തരം വിവരങ്ങൾ ഗുണകരമാകും.