കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ വാഹനങ്ങൾ ഓടുന്നതിനിടയിൽ പുല്ലിന് തീ പിടിച്ചു. ചന്തപ്പുര സ്വകാര്യ ബസ് സ്റ്റാൻഡിനു പിറകിലുള്ള ബൈപാസിലെ ഡിവൈഡറിലെ പുല്ലിനാണ് തീ പിടിച്ചത്. നല്ല വെയിലും കാറ്റും ഉണ്ടായിരുന്നതിനാൽ തീ ആളി പിടിക്കുകായിരുന്നു. ഇതോടെ അൽപനേരം വാഹന ഗതാഗതം തടസപ്പെട്ടു. ഇവിടെ നിന്നും തെക്കോട്ടുള്ള അര കിലോമീറ്റർ ദൂരത്തിലാണ് ഉണങ്ങി നിന്നിരുന്ന പുല്ലുകൾ കത്തിയമർന്നത്. ചന്തപ്പുര ഡിവൈഡറിൽ നഗരസഭ നട്ടുവളർത്തിയ ചെടികളും തീപിടുത്തത്തിൽ കത്തിനശിച്ചു. കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷനിൽ നിന്നും എത്തിയ ജീവനക്കാർ പിന്നീട് തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.