ചാലക്കുടി: അഞ്ച് ദിവസത്തെ പ്രയത്‌നത്തിന് ശേഷം ഇറിഗേഷൻ ക്വാർട്ടേഴ്‌സ് പരിസരത്തെ കണ്ണൻകുളത്തിലേക്ക് വെള്ളമെത്തി. വെള്ളത്തിന്റെ അളവ് കുറവായതിനാൽ കുളം നിറയാൻ എത്ര ദിവസം വേണമെന്ന് പറയാനാകില്ല. സാധാരണ രീതിയിൽ ആറ് ദിവസമാണ് കുളം നിറയ്ക്കുന്നതിന് കൂടപ്പുഴ ബ്രാഞ്ച് കനാലിലേയ്ക്ക് വെള്ളം വിടുന്നത്. രണ്ടു ദിവസം തുടർച്ചയായി ഒഴുകിയെത്തിയാൽ മാത്രമാണ് കണ്ണംകുളം നിറയുന്നത്. ദേശീയപാതയിലെ സൗത്ത് ജംഗ്ഷൻ ഫ്‌ളൈ ഓവറിനടിയിലെ കോൺക്രീറ്റ് പൈപ്പിലൂടെ വെള്ളം ഒഴുകുന്നതിന് സംഭവിച്ച തടസമാണ് പ്രശ്‌നം. മേൽപ്പാലം നിർമ്മിച്ചതു മുതൽ കാനാലിലെ ഒഴുക്കും തടസപ്പെട്ടു. ഇപ്പോൾ കൂടപ്പുഴ ഭാഗത്തെ താഴ്ന്നിടങ്ങളിൽ കനാൽ കരകവിഞ്ഞ് ഒഴുകി ബണ്ടിലെ വീടുകളിലേയ്ക്ക് വെള്ളം കയറുകയാണ്. വലിയതോതിൽ വെള്ളമാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്.