തൃപ്രയാർ: പടന്ന വിഭാഗം സംസ്ഥാന കമ്മിറ്റിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം അക്രമത്തിലെത്തിയ സംഭവത്തിൽ ആരോപണവുമായി നേതാക്കൾ രംഗത്ത്. കഴിഞ്ഞ ദിവസം തളിക്കുളത്ത് സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ വി.എസ്. സുനിൽകുമാറിന് മർദ്ദനമേറ്റിരുന്നു.
പടന്നമഹാസഭ ഭാരവാഹികൾ അതിക്രമിച്ചുകയറി അനധികൃത നിർമ്മാണം നടത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിലെത്തിയതെന്ന് മറുവിഭാഗം കേരള പടന്ന മഹാസഭ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അനധികൃത നിർമ്മാണം ചോദ്യം ചെയ്ത താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പുലാമ്പി വാസുദേവനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ഇയാൾ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘടനയുടെ സ്ഥലവും അതിലെ മന്ദിരവും ഉടമസ്ഥാവകാശ തർക്കത്തിലിരിക്കുന്നതാണ്.
എ.ഡി.എം മുമ്പാകെയാണ് ഇതിന്റെ രേഖകളെല്ലാം. രേഖകൾ പരിശോധിച്ച് പ്രശ്‌നം പരിഹരിക്കുന്നതുവരെ സ്ഥലത്ത് നിർമ്മാണമൊന്നും നടത്താൻ പാടുള്ളതല്ല. നിർമ്മാണം നടത്തിക്കൊണ്ടിരുന്ന സർവ്വോത്തമൻ എന്നയാളെ വാസുദേവൻ തടഞ്ഞനേരം മന്ദിരത്തിൽ കട നടത്തുന്ന സുനിൽകുമാർ ഓടിയെത്തി വാസുദേവനെ മർദ്ദിക്കുകയായിരുന്നുവെന്ന് കേരള പടന്ന മഹാസഭ താലൂക്ക് പ്രസിഡന്റ് എം.എസ്. പുരുഷോത്തമൻ പറഞ്ഞു.
അക്രമ സംഭവത്തെ തുടർന്ന് തങ്ങൾക്കെതിരെ അപവാദം പ്രചരിപ്പിക്കുവാനുള്ള ശ്രമം നടക്കുന്നതായും പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭാരവാഹികളായ സുബ്രഹ്മണ്യൻ കോളഞ്ഞാട്ട്, കോരമ്പി ചന്ദ്രശേഖരൻ ഒരുമനയൂർ, അശോകൻ വെണ്ണക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.