 
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ദേശവാസികൾക്കും ഭക്തർക്കും ഉത്സവപ്പകർച്ചാ കിറ്റ് നൽകാൻ ദേവസ്വം ചെലവിടുന്നത് 1.26 കോടിയോളം രൂപ. കിറ്റ് വിതരണം തുടങ്ങി മൂന്നാം ദിവസം പിന്നിടുമ്പോൾ 12800 കിറ്റുകൾ ദേശവാസികൾക്ക് നൽകി കഴിഞ്ഞതായി ദേവസ്വം അധികൃതർ അറിയിച്ചു.
ഇരുപതിനായിരത്തിലേറെ കൂപ്പണുകൾ ഭക്തർക്കെത്തിച്ചു കഴിഞ്ഞു. ഉത്സവനാളുകളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും ദേശക്കാർക്കുമായി മുൻ വർഷങ്ങളിൽ ഉത്സവപ്പകർച്ച നൽകിവരുക പതിവുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഈ വർഷം ഉത്സവപ്പകർച്ച നടത്താൻ കഴിയാത്തതിനു പകരമാണ് പകർച്ചാ കിറ്റ് വിതരണം നടത്തുന്നത്.
മുപ്പതിനായിരം ഉത്സവപ്പകർച്ചാ കിറ്റാണ് ഇത്തവണ ദേശവാസികൾക്ക് ലഭ്യമാക്കുന്നത്. പൂന്താനം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കൗണ്ടറുകളിലൂടെയാണ് കിറ്റ് വിതരണം. കൂപ്പണുകൾ കൈപ്പറ്റിയവർക്ക് കൗണ്ടറുകളിലെത്തി കിറ്റ് വാങ്ങാം. കൊവിഡ് മാനദണ്ഡങൾ പാലിച്ചാണ് കിറ്റ് വിതരണം. ഫെബ്രുവരി 21 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ കിറ്റുകൾ വിതരണം ചെയ്യും. 22നും 23 നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകും വിതരണം.
കിറ്റിൽ
ഒമ്പതിനം പലവ്യഞ്ജന സാധനങ്ങളാണ് കിറ്റിൽ ഉള്ളത്. അഞ്ച് കിലോ ഗ്രാം മട്ട അരി , വെളിച്ചെണ്ണ (അര ലിറ്റർ), ഒരു തേങ്ങ, മുതിര (അര കിലോഗ്രാം) ,വറ്റൽ മുളക് ( നൂറ് ഗ്രാം), പപ്പടം (25 എണ്ണം), അച്ചാർ (250 ഗ്രാം), ശർക്കര (അരക്കിലോ), ഉപ്പ് (അര കിലോഗ്രാം), എന്നിവയാണ് കിറ്റിൽ.